രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുമ്പോഴും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും മാസ്‌ക് ധരിക്കാനും തയ്യാറാകാത്തവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് നടി കരീന കപൂര്‍.
രോഗ പ്രതിരോധ മാര്‍ഗങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവര്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെങ്കിലും ആലോചിക്കണമെന്ന് കരീന കപൂര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘നമ്മുടെ രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയുടെ അപകടവും ആഴവും ചിലര്‍ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നത് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല.
അടുത്ത തവണ നിങ്ങള്‍ പുറത്തുപോകുമ്പോള്‍, അല്ലെങ്കില്‍ താടിയ്ക്ക് താഴേക്ക് മാസ്‌ക് വലിച്ചിടുമ്പോള്‍, നിയന്ത്രണങ്ങളൊക്കെ ലംഘിക്കുമ്പോള്‍, നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കണം. അവര്‍ ശാരീരകമായും മാനസികമായും അത്രയും തളര്‍ന്നിരിക്കുകയാണ്. ബ്രേക്കിംഗ് പോയിന്റില്‍ എത്തിനില്‍ക്കുകയാണവര്‍.
എന്റെ ഈ മെസേജ് വായിക്കുന്ന ഓരോരുത്തരും ബ്രേക്കിംഗ് ദ ചെയിനില്‍ ഉത്തരവാദിത്തമുള്ളവരാണ്. ഇന്ത്യയ്ക്ക് മറ്റെപ്പോഴേത്തേക്കാളും കൂടുതലായി നിങ്ങളെ ഇപ്പോള്‍ ആവശ്യമുണ്ട്,’ കരീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടിയാണ് പുതുതായി രോഗം ബാധിച്ചത്്. നിലവില്‍ 31,70,228 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
3498 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണസംഖ്യ 2,08,330 ആയി ഉയര്‍ന്നു. പുതുതായി 2,97,540 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 1,53,84,418 ആയി ഉയര്‍ന്നു.
Content Highlight: Kareena Kapoor furious about people not following Covid protocols