ന്യൂദല്‍ഹി: പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രൊമോഷന്റെ തിരക്കിലാണ് കരീന കപൂര്‍. അതിനിടയില്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടം പിടിച്ച പ്രതിഫല വര്‍ധനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് കരീന പ്രതികരിച്ചു. ആ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വന്നതെന്ന് പോലും തനിക്ക് അറിയില്ലെന്ന് സൂം ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
ഹിന്ദു പുരാണകഥയായ രാമായണത്തെ ആസ്പദമാക്കി എടുക്കുന്ന സിനിമയില്‍ സീതാദേവിയുടെ വേഷത്തിന് കരീന 12 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന സിനിമാ മേഖലയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട ഒട്ടനവധി ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു കഥാപാത്രത്തിനായി ആരും തന്നെ സമീപിച്ചിട്ടില്ലന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കരീന ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
‘ആരും എനിക്ക് അങ്ങനെയൊരു സിനിമ ഓഫര്‍ ചെയ്തിട്ടില്ല. അതുകൊണ്ടാണ് അന്ന് ഈ വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ പ്രതികരണത്തിനൊന്നും നില്‍ക്കാതിരുന്നത്. ഞാന്‍ ആ കഥാപാത്രത്തിനുളള ചോയ്‌സ് പോലുമല്ലായിരുന്നു. പിന്നെ എന്തിനാണ് എന്നെ ഈ വിവാദത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് എനിക്കറിയില്ല.
ഇവയെല്ലാം കെട്ടിച്ചമച്ച കഥകളാണ്. ആരെയും താഴ്ത്തികെട്ടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അവര്‍ക്ക് കഥകള്‍ ആവശ്യമാണ്. എല്ലാ ദിവസവും ആളുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള കഥകള്‍ കിട്ടുമോയെന്ന് നോക്കുകയാണ്,’ കരീന പറഞ്ഞു.
തന്നെ ‘അത്യാഗ്രഹി’ എന്ന് വിളിച്ച ട്രോളുകളോടും നടി നേരത്തെ പ്രതികരിച്ചിരുന്നു. ‘എനിക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ വ്യക്തമായി പറയാറുണ്ട്. ആ തീരുമാനത്തെ മറ്റുള്ളവര്‍ ബഹുമാനിക്കേണ്ടതുണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇതിനെ അതിമോഹമെന്നൊന്നും വിളിക്കാനാവില്ല. സ്ത്രീകളോട് കാണിക്കേണ്ട അടിസ്ഥാന മര്യാദ മാത്രമാണത്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചൊക്കെ മെച്ചപ്പെട്ട് വരുന്നുണ്ട്,’ കരീന ദി ഗാര്‍ഡിയന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.
അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ലാല്‍ സിംഗ് ഛദ്ദ ഓഗസ്റ്റ് 11നാണ് തിയേറ്ററുകളിലെത്തുക. 1994ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. ആമിര്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ രൂപ എന്ന നായികാ കഥാപാത്രമായാണ് കരീനയെത്തുന്നത്.
CONTENT HIGHLIGHT: Kareena Kapoor first to respond to the controversy that she paid 12 crores to become Seetha\