മുംബൈ: ബോളിവുഡ് നടി മഹി അറോറയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം “ഹീറോയിന്‍” തിയേറ്ററില്‍ എത്തും മുമ്പേ തന്നെ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ആദ്യം ആഷിനെ നായികയായി നിശ്ചയിച്ചിരുന്ന ചിത്രം നടി ഗര്‍ഭിണിയായതോടെ ഏറെ നീണ്ടു. ഒടുക്കം കരീനയെ നായികയാക്കി ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ കത്തി ഹീറോയിനെ പിടികൂടിയിരിക്കുകയാണിപ്പോള്‍.
ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്ന കരീന കപൂര്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് നീക്കിയെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിലെ പുകവലിക്കുന്ന രംഗങ്ങള്‍ അവ്യക്തമാക്കാനും സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ തന്നെ ചിത്രങ്ങളുടെ ട്രെയിലറുകളില്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ അനുവദിക്കരുതെന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ടെന്ന് സി.ബി.എഫ്.എസ് അധികൃതര്‍ വ്യക്തമാക്കി. പുകവലി രംഗങ്ങള്‍ കാണിക്കുമ്പോള്‍ അതിനൊപ്പം സുരക്ഷാ മുന്നറിയിപ്പും നല്‍കണമെന്ന നിബന്ധന പാലിക്കാത്തതാണ് സെന്‍സര്‍ ബോര്‍ഡ് അധികൃതരെ ചൊടിപ്പിച്ചത്.
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ചിത്രത്തില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. പുകവലി ദൃശ്യങ്ങള്‍ അവ്യക്തമാക്കുന്നതിനൊപ്പം പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ചിത്രത്തിന്റെ ആദ്യഭാഗത്തും ഇടവേളകളിലും തിയ്യേറ്ററുകളില്‍ കാണിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.
ബി ടൗണിലെ മുന്‍നിര സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കര്‍ ഒരുക്കുന്ന ഹീറോയിനില്‍ കരീനകപൂറിനൊപ്പം അര്‍ജുന്‍ രാംപാല്‍, രന്ദീപ് ഹൂഡ, സഹാന ഗോസ്വാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കുന്ന ചിത്രം സെപ്തംബര്‍ 21ന് തിയ്യേറ്ററുകളിലെത്തും.