| Friday, 5th November 2021, 12:00 pm

പുറത്തുവന്ന തെളിവുകള്‍ മായ്ച്ചുകളയാനാവില്ല, പരാതി കൊടുത്തത് ഫസലിന്റെ സഹോദരന്‍; സി.ബി.ഐ പറഞ്ഞത് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന് കാരായി രാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധത്തിലെ സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാരായി രാജന്‍.

പുറത്തുവന്ന തെളിവുകള്‍ മായ്ച്ചുകളയാനാവില്ലെന്നും, സി.ബി.ഐ പറഞ്ഞത് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരിന്നും അദ്ദേഹത്തിന്റെ പ്രതികരണം.

കേസില്‍ നുണപരിശോധനക്ക് വിധേയരായ പ്രതികളുണ്ടെന്നും നുണപരിശോധന റിപ്പോര്‍ട്ട് വായിച്ചാല്‍ തന്നെ സത്യം വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വരെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് യഥാര്‍ഥ പ്രതികളല്ല എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സത്യാവസ്ഥ ആര് അന്വേഷിച്ചാലും ബോധ്യപ്പെടും. അങ്ങനെ ഒരു അന്വേഷണത്തിന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ മുന്നിട്ടിറങ്ങിയാല്‍ മതി. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരാതി കൊടുത്തത് ഞങ്ങളല്ലെന്നും ഫസലിന്റെ രക്തബന്ധമുള്ള സഹോദരനാണെന്നും അദ്ദേഹം പറഞ്ഞു.

സ.ബി.ഐയുടെ കണ്ടത്തലുകളെക്കുറിച്ച് പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങള്‍ കേസില്‍ വ്യാജമായി പ്രതി ചേര്‍ക്കപ്പെട്ടയാളുകളാണ്. നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കാരായി രാജന്‍ പറഞ്ഞു.

അതേസമയം, തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തല്‍ സി.ബി.ഐ തള്ളുകയായിരുന്നു.

കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കുന്നത്. കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ സി.പി.ഐ.എം പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെയുള്ളവരാണെന്നും സി.ബി.ഐ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തന്നെയാണ് ശരിയെന്നും സി.ബി.ഐ ആവര്‍ത്തിക്കുന്നു.

കൊലയ്ക്ക് പിന്നില്‍ താനുള്‍പ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തല്‍ തള്ളുന്ന സി.ബി.ഐ ഇത് കസ്റ്റഡിയില്‍വെച്ച് പറയിച്ചതാണെന്നും പറയുന്നു.

സി.പി.ഐ.എം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട കേസാണ് ഫസല്‍ വധക്കേസ്. 2006 ഒക്ടോബറിലാണ് സി.പി.ഐ.എം. വിട്ട് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന ഫസല്‍ കൊല്ലപ്പെടുന്നത്. വര്‍ഷങ്ങളായി സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രാഷ്ട്രീയ കൊലപാതക കേസായിരുന്നു ഫസല്‍ വധം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Karayi Rajan responds to CBI report on Thalassery Fasal murder case

We use cookies to give you the best possible experience. Learn more