കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്; കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം
Kerala News
കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്; കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th August 2021, 12:15 pm

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ച് ഹൈക്കോടതി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയിരിക്കുന്നത്.

ഇരുവര്‍ക്കും മൂന്ന് മാസം കഴിഞ്ഞ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാമെന്ന് ഹൈക്കോടതി വിധിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചിരുന്നത്. 2013ലാണ് ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയില്‍ കാരായി സഹോദരന്മാര്‍ക്ക് കോടതി ജാമ്യം അനുവദിക്കുന്നത്.

അതേസമയം ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിച്ചില്ല. പ്രതികള്‍ വിചാരണ നീട്ടിവെക്കണമെന്ന ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമായിരുന്നു സി.ബി.ഐയുടെ വാദം.

എന്നാല്‍ കേസില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതിനാല്‍ വിചാരണ നീട്ടിവെക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കണ്ണൂരില്‍ പ്രവേശിക്കുന്നത് തടയേണ്ടതില്ലെന്നും കാരായി സഹോദരന്മാര്‍ വാദിക്കുകയായിരുന്നു.

2006 ഒക്ടോബറിലാണ് സി.പി.ഐ.എം. വിട്ട് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന ഫസല്‍ കൊല്ലപ്പെടുന്നത്. വര്‍ഷങ്ങളായി സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രാഷ്ട്രീയ കൊലപാതക കേസായിരുന്നു ഫസല്‍ വധം.

കേസില്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നതിനിടെ 2012ല്‍ സി.പി.ഐ.എം തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജന്‍, തിരുവങ്ങാടി ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്.

എട്ട് പ്രതികളെയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. എന്നാല്‍ സി.പി.ഐ.എമ്മിന് കേസില്‍ ബന്ധമില്ലെന്നും താനടക്കം നാല് ആര്‍.എസ്. പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ഇപ്പോള്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിധി. സി.ബി.ഐ. പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കോടതിയെ സമീപിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Karayi Rajan and Chandrasekharan gets relaxation in bail condition in Thalasserry Fasal murder case