| Saturday, 15th February 2014, 12:19 am

കാരായിമാര്‍ ഫസല്‍ വധത്തിലെ ആസൂത്രകര്‍: സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കൊച്ചി: എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന തലശേരി സ്വദേശി ഫസലിനെ കൊലപ്പെടുത്തിയതിന്റെ ആസൂത്രകര്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് സി.ബി.ഐ കോടിതിയെ ബോധിപ്പിച്ചു.

കുറ്റകൃത്യവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും കേസില്‍നിന്ന് ഒഴിവാക്കണമെന്നുമുള്ള  ഇവരുടെ അപേക്ഷയില്‍ വാദംകേള്‍ക്കവെയാണ് എറണാകുളം പ്രത്യേക കോടതിയെ സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.

കൊലപാതകം ആര്‍.എസ്.എസ് നടത്തിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢാലോചനയില്‍ പങ്കാളികളായ ഇവര്‍ ശ്രമം നടത്തിയതായും സി.ബി.ഐ ചൂണ്ടിക്കാട്ടി. തൂവാലയില്‍ ഫസലിന്റെ രക്തം പുരട്ടി ഇത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് സമീപമിട്ട് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ ഇവരെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കരുതെന്നും കോടതിയെ അറിയിച്ചു.

കൊലപാതകത്തില്‍ പങ്കില്ലെന്നും തങ്ങളുടെ അറിവോടെയല്ലാതെ പ്രദേശത്ത് ഒന്നും നടക്കില്ലെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ആരോപണമുന്നയിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കണ്ണൂരിലെ പ്രമുഖ സി.പി.ഐ.എം നേതാക്കളായ ഇരുവരുടെയും പേരുകള്‍ സാക്ഷികള്‍ തെറ്റായി നല്‍കിയതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈമാസം 18ലേക്ക് മാറ്റി. തലശേരി മാടപ്പീടികയില്‍ ഫസലിനെ 2006 ഒക്ടോബര്‍ 22നാണ് കൊടി സുനി അടക്കമുള്ള ഏഴംഗ സംഘം കൊലപ്പെടുത്തിയത്. കേസില്‍ രണ്ട് പ്രതികളെ ഇനിയും കണ്ടത്താനുണ്ട്.

We use cookies to give you the best possible experience. Learn more