| Tuesday, 26th June 2012, 1:22 pm

ഫസല്‍വധം: ബുദ്ധികേന്ദ്രം കാരായി രാജനും ചന്ദ്രശേഖരനുമെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫസലിനെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം സി.പി.ഐ.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനുമാണെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച കേസന്വേഷണ റിപ്പോര്‍ട്ടിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുവരേയും കസ്റ്റഡിയില്‍ വിട്ടുകിട്ടണം. കേസില്‍ രണ്ടുപ്രതികളെ കൂടി തിരിച്ചറിയാന്‍ ഇവരെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സി.ബി.ഐ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കി.

അതേസമയം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിടുന്നത് നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക് സമീപം വെച്ച് വെട്ടേറ്റു മരിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. സി.ബി .ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ഫസല്‍ സി.പി.ഐ.എം വിട്ട് എന്‍.ഡി.എഫിലേക്ക് മാറിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സി.പി.ഐ.എം  തലശേരി ഏരിയാ സെക്രട്ടറിയായിരുന്നു കാരായി രാജന്‍, സി.പി.ഐ.എം തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കാരായി രാജനെ കേസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ കൊടി സുനി ഉള്‍പ്പെടെ എട്ടുപേരെയാണ് ഫസല്‍വധക്കേസില്‍ ഇതുവരെ പ്രതികളാക്കിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more