കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേതാണെങ്കില്‍ അന്വേഷിച്ച് കണ്ടുപിടിക്കട്ടെയെന്ന് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്.
സഹോദരന്റെ മരണം അപകട മരണമാണ്. അതില്‍ വീട്ടുകാര്‍ക്കു പോലും സംശയമില്ല. ഇപ്പോള്‍ സംശയമുന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കാരാട്ട് റസാഖ് മാധ്യമങ്ങളോട് പറഞ്ഞു.
‘സഹോദരന്റെ മരണത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന പലതും എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അപകടമരണം നടന്നിട്ട് രണ്ടരവര്‍ഷത്തിലേറെയായി. അന്ന് എഫ്.ഐ.ആര്‍ ഇടാന്‍ കുറച്ച് വൈകിയിരുന്നു. അതല്ലാതെ മറ്റൊന്നുമില്ല. ഇനി അമിത് ഷാ പറഞ്ഞത് എന്റെ സഹോദരന്റെ മരണത്തെ ഉദ്ദേശിച്ചാണെങ്കില്‍ അത് അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരേണ്ടതും അവരാണ്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളല്ലേ ഇതു പറഞ്ഞത്. അതുകൊണ്ട് ദുരൂഹതയുണ്ടെങ്കില്‍ അവര്‍ അന്വേഷിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു,’ കാരാട്ട് റസാഖ് പറഞ്ഞു.
ഞായറാഴ്ച നടന്ന വിജയയാത്രയുടെ സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ ദുരൂഹമരണം സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതില്‍
സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രധാനസാക്ഷിയായ ഒരാളുടെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ എന്നായിരുന്നു അമിത്ഷാ ചോദിച്ചത്.
അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോള്‍ ഏജന്‍സികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ചോദ്യമെന്നായിരുന്നു ഷായുടെ വിശദീകരണം.
എന്നാല്‍ അമിത് ഷാ പരാമര്‍ശിച്ച ദുരൂഹമരണത്തെക്കുറിച്ച് അറിയില്ലെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്.
2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അബ്ദുള്‍ ഗഫൂറും സംഘവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Karatt Razak over his brother’s death questioned by Amit Shah