കാരാട്ട് ഫൈസല്‍ ഇടത് സ്ഥാനാര്‍ത്ഥി; കൊടുവള്ളി നഗരസഭയില്‍ നിന്ന് മത്സരിക്കും
Kerala News
കാരാട്ട് ഫൈസല്‍ ഇടത് സ്ഥാനാര്‍ത്ഥി; കൊടുവള്ളി നഗരസഭയില്‍ നിന്ന് മത്സരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th November 2020, 11:04 pm

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്നു. കൊടുവള്ളി നഗരസഭയില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.

കൊടുവള്ളി നഗരസഭയിലെ പതിനഞ്ചാം ഡിവിഷന്‍ ചൂണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. സി.പി.ഐ.എം നേതാക്കളെയും കാരാട്ട് റസാഖിനെയും വേദിയിലിരുത്തി പി.ടി.ഐ റഹീം എം.എല്‍.എ ആണ് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

നിലവില്‍ കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. നേരത്തെ സ്വര്‍ണ്ണകടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ഫൈസലിനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. 36 മണിക്കൂര്‍ നീണ്ട കസ്റ്റഡിയ്ക്ക് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയില്‍ ഫൈസലിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഫൈസല്‍ പലതവണ സന്ദീപിനെ കാണാന്‍ തിരുവനന്തപുരത്ത് വന്നെന്നും ചര്‍ച്ചകള്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു സന്ദീപിന്റെ ഭാര്യയുടെ മൊഴി.

സ്വര്‍ണ്ണക്കടത്ത് കേസിലാണ് ഫൈസലിനെ വ്യാഴാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്തത്. അന്നേദിവസം പുലര്‍ച്ച തന്നെ ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഫൈസലിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

കൊടുവള്ളിയിലെ ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെനിന്നും ലഭിച്ച രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്.

നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്പ് ഡി.ആര്‍.ഐ പ്രതി ചേര്‍ത്തിരുന്നു. ഇടത് സ്വതന്ത്രനായ ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Karatt Faizal LDF Candidate