എടവണ്ണപ്പാറ: ചാലിയാർ പുഴയിൽ വിദ്യാർഥിനി മുങ്ങി മരിച്ച സംഭവത്തിൽ കരാട്ടെ അധ്യാപകൻ ഊർക്കടവ് സ്വദേശി സിദ്ധിഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് സിദ്ധിഖിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതി നേരത്തെയും പോക്സോ കേസുകളിൽ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
കരാട്ടെ മാസ്റ്റർ കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നു എന്ന് സഹോദരി കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയിരുന്നു. ‘ സെപ്റ്റംബർ പതിനഞ്ചാം തിയതി സാറിനെ കാണാൻ പോയപ്പോൾ അവളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ആ ഇൻസിഡന്റ് നടന്നതിനു ശേഷം കുട്ടി വളരെയധികം വിഷമത്തിൽ ആയിരുന്നു.
അപ്പോഴാണ് ഈ മൂന്നു വർഷത്തോളം കാലം ആയിട്ട് കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ഞങ്ങൾ അറിഞ്ഞത്. അവളെ മാത്രമല്ല കരാട്ടെ ക്ലാസിലുള്ള മുഴുവൻ കുട്ടികളെയും ഇവർ അറിയാതെ കരാട്ടെയുടെ അഭ്യാസങ്ങൾ ആണെന്ന് വിശ്വസിപ്പിച്ചുകൊണ്ട് ഇവിടെ നടന്നത് ആഭാസങ്ങൾ ആയിരുന്നു എന്നത് അവളിലൂടെയാണ് ഞാൻ അറിയുന്നത്.
പിന്നീട് ഞങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇയാൾക്കെതിരെ 2 പോക്സോ കേസുകൾ ഉണ്ടെന്ന് അറിയുന്നത്. പക്ഷേ ഈ സാറ് കുട്ടികളുടെ അടുത്ത് പോകുമ്പോൾ തന്നെ പറയും ‘ഞാൻ നിങ്ങളുടെ ദൈവമാണ്, ഗുരുവാണ്. ഗുരുവിന്റെ തൃപ്തിക്ക് വേണ്ടി നിങ്ങളുടെ മനസും ശരീരവും ഗുരുവിനുള്ളതാണ്.
നിങ്ങളുടെ നെഞ്ചത്ത് കൈവെച്ചാലാണ് ഗുരുവിന് നിങ്ങളെ അറിയാൻ പറ്റു’, എന്നുള്ള രീതിയിൽ സാറ് പറയും,’ എന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്.
Content Highlight: Karate teacher arrested in student’s drowning case