| Sunday, 21st February 2021, 1:08 pm

മുസ്‌ലിം ലീഗ് തിരിച്ചുവിളിച്ചെന്ന് കാരാട്ട് റസാഖ്; അടുത്ത കാലത്ത് നേരിട്ട് കണ്ടിട്ടുപോലുമില്ലെന്ന് കെ.പി.എ മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:യു.ഡി.എഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കാരാട്ട് റസാഖ് എം.എല്‍.എ. അതേസമയം റസാഖുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് ലീഗ് നേതൃത്വം പ്രതികരിച്ചത്.

യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ലീഗിന്റെ സംസ്ഥാന നേതാക്കള്‍ ലീഗിലേക്ക് തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടുവെന്നും കാരാട്ട് റസാഖ് പറഞ്ഞു.

ലീഗിന്റെ പ്രാദേശിക നേതൃത്വത്തിന് തന്നോടുള്ള എതിര്‍പ്പ് യു.ഡി.എഫ് നേതാക്കളെ അറിയിച്ചുട്ടുണ്ടെന്നും സംസ്ഥാന നേതാക്കളെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗിന്റെ പ്രവര്‍ത്തനമെന്നും കാരാട്ട് റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയില്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ റഹീമിനെ തിരികെയെത്തിക്കാന്‍ ലീഗ് ശ്രമിക്കുന്നുണ്ടെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫുമായും ലീഗ് സംസ്ഥാന നേതൃത്വവുമായും നടത്തിയ ചര്‍ച്ചകളെ കുറിച്ച് എല്‍.ഡി.എഫിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫില്‍ തനിക്ക് നല്ല പരിഗണനയാണ് കിട്ടുന്നതെന്നു റസാഖ് പറഞ്ഞു.

കാരാട്ട് റസാഖിന്റെ പ്രസ്താവന തള്ളിക്കൊണ്ട് ലീഗ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖുമായി മുസ്ലിംലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കാരാട്ട് റസാഖുമായി യാതൊരു വിധ ചര്‍ച്ചയും കുഞ്ഞാലിക്കുട്ടി സാഹിബോ ഞാനോ എവിടെ വെച്ചും നടത്തിയിട്ടില്ല. അങ്ങനെ ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

‘ഇല്ലാത്ത ഒരു കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. ഈ അടുത്തകാലത്ത് അദ്ദേഹവുമായി നേരിട്ട് കണ്ടിട്ടു തന്നെയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാര്‍ത്തയെന്ന് സംശയിക്കുന്നു,’ കെ.പി.എ മജീദ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Karat Razaq says he was approached by Muslim league to rejoin, KPA Majeed calls it baseless

We use cookies to give you the best possible experience. Learn more