| Monday, 26th October 2020, 2:12 pm

കാരാട്ട് ഫൈസല്‍ അയല്‍വാസി മാത്രം;സ്വര്‍ണക്കടത്ത് പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്ന് കാരാട്ട് റസാഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകളെ നിഷേധിച്ച് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്. കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയതായി പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം സന്ദീപ് നായരുമായോ മറ്റ് സ്വര്‍ണക്കടത്ത് പ്രതികളുമായോ യാതൊരു ബന്ധവുമില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

ജീവിതത്തില്‍ ഇന്ന് വരെ ഇത്തരം ആളുകളെ കണ്ടിട്ടില്ലെന്നും ഫോണിലൂടെയോ അല്ലാതെയോ ഒരു ബന്ധവും ഇവരുമായി ഉണ്ടായിട്ടില്ലെന്നും റസാഖ് പറഞ്ഞു. സന്ദീപിനെയും സ്വപ്‌നയെയും കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതം തുറന്ന പുസ്തകമാണ്. കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

‘അന്വേഷണത്തിന്റെ ഭാഗമായി ഒരു ഏജന്‍സിയും തന്നെ ബന്ധപ്പെടുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. സത്യസന്ധമായി അന്വേഷിക്കുന്ന ഒരു ഏജന്‍സിക്കും തന്നെ വിളിപ്പിക്കാനാവില്ല. എനിക്കെതിരെ അന്വേഷണം നടത്താനുമാവില്ല. കാരാട്ട് ഫൈസല്‍ എന്റെ അയല്‍വാസിയാണ്. കൊടുവള്ളി മുന്‍സിപാലിറ്റിയിലെ കൗണ്‍സിലറുമാണ്. അതുകൊണ്ട് പരിചയമുണ്ട്. അതല്ലാതെ യാതൊരു ബിസിനസ് ബന്ധവും ഇല്ല,’ റസാഖ് പറഞ്ഞു.

റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്‍ണം കടത്തിയതെന്ന് സന്ദീപിന്റെ ഭാര്യ സൗമ്യ നേരത്തെ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാരാട്ട് റസാഖിന്റെ പ്രതികരണം. സ്വര്‍ണക്കടത്തിനെ എതിര്‍ത്തപ്പോള്‍ സന്ദീപ് ശാരീരികമായി ഉപദ്രവിച്ചെന്നും സൗമ്യ നല്‍കിയ മൊഴിയിലുണ്ട്.

കാരാട്ട് ഫൈസലിനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ഇതിനിടയിലാണ് റസാഖിനെതിരായ ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Karat Razak reply on allegations related to him with gold smuggling case

We use cookies to give you the best possible experience. Learn more