ന്യൂദല്‍ഹി: കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉപാധികളോടെയാണ് സ്റ്റേ ചെയ്തത്. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
മുസ്‌ലിം ലീഗ് സ്ഥാര്‍ത്ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്‌തെന്നാരോപിച്ച് വോട്ടര്‍മാരായ കെ.പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് കാരാട്ട് റസാഖിന്റെ തെരഞ്ഞെുപ്പ് ജയം റദ്ദാക്കിയിരുന്നത്.
റസാഖ് മാസ്റ്ററെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്ന ആരോപണം ശരിവെയ്ക്കുന്ന രീതിയിലുളള സാക്ഷിമൊഴികളുണ്ടെന്ന് ഹൈക്കോടതി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കീഴ്‌കോടതി തീര്‍പ്പാക്കിയ ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചേര്‍ത്ത് എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഡോക്യുമെന്ററി തയ്യാറാക്കി പ്രചരിപ്പിച്ചുവെന്നും ഡോക്യുമെന്ററിയുടെ ചെലവ് സ്ഥാനാര്‍ത്ഥി മറച്ചുവെച്ചുവെന്നുമായിരുന്നു കോടതി കണ്ടെത്തിയത്.
അതേസമയം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി സ്റ്റേ അനുവദിക്കണമെന്ന എം.എല്‍.എയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. 30 ദിവസത്തേക്ക് സ്റ്റേ അനുവദിച്ച കോടതി, എം.എല്‍.എ എന്ന രീതിയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു.