രണ്ട് ദിവസത്തിനകം വിരമിക്കാനിരുന്ന ജഡ്ജിയാണ് വിധി പറഞ്ഞത്; എന്താണ് സംഭവിച്ചതെന്ന് അറിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്നും കാരാട്ട് റസാഖ്
Kerala News
രണ്ട് ദിവസത്തിനകം വിരമിക്കാനിരുന്ന ജഡ്ജിയാണ് വിധി പറഞ്ഞത്; എന്താണ് സംഭവിച്ചതെന്ന് അറിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്നും കാരാട്ട് റസാഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th January 2019, 2:40 pm

കോഴിക്കോട്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൊടുവള്ളി എം.എല്‍.എയായിരുന്ന കാരാട്ട് റസാഖ്.

വിധിയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ല. കോടതി വിധി വന്നിട്ടേയുള്ളൂ. പഠിച്ച ശേഷം മാത്രമേ പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂ. കോടതിയുടെ നിഗമനം എന്താണെന്ന് അറിയില്ല.

രണ്ട് ദിവസത്തിനകം വിരമിക്കാനിരുന്ന ജഡ്ജിയാണ് വിധി പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. താന്‍ റസാഖ് മാസ്റ്ററെ വ്യക്തി ഹത്യ നടത്തിയതായി ഓര്‍മ്മയിലില്ല. അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയതാണ്. കോടതിക്ക് അത് ബോധ്യമായില്ലെന്ന് മനസിലാക്കുന്നു.


കൊടുവള്ളിയിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി


കേസില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് നിലവില്‍ ആലോചിക്കുന്നതെന്നും കാരാട്ട് റസാഖ് എം.എല്‍.എ പ്രതികരിച്ചു.

കൊടുവള്ളിയിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതിയാണ് റദ്ദാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചരണ വേളില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ മുസ്‌ലീം ലീഗിലെ എം.എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് നടപടി. രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

2005 ല്‍ വാര്‍ഡ് മെമ്പറായിരിക്കുമ്പോള്‍ എം.എ റസാഖ് മാസ്റ്റര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. 20000 രൂപ തട്ടിയെടുത്തെന്ന കേസായിരുന്നു എം.എ റസാഖ് മാസ്റ്റര്‍ക്കെതിരെ ഉണ്ടായിരുന്നത്. 2006 ല്‍ ഈ കേസ് ഒത്തുതീര്‍പ്പാക്കുകയും എം.എ റസാഖ് നിരപരാധിയാണെന്ന് തെളിയുകയും ചെയ്തിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഈ കേസ് കാരാട്ട് റസാഖ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയും ഉപഭോകതൃ വിഹിതം തട്ടിയെടുത്തെന്ന രീതിയിലുള്ള 50 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വിഡോയ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം പ്രചരിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.

ഇത്തരമൊരു വീഡിയോ പ്രചരിപ്പിക്കുക വഴി തെരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖ് അഴിമതി നടത്തിയതായി കണ്ടെത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.