കോഴിക്കോട്: കൊടുവള്ളി മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് ഐ.എന്‍.എല്‍ പ്രവേശനത്തിനൊരുങ്ങുന്നതായി സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് റസാഖ് ഐ.എന്‍എല്ലിലേക്ക് കൂടുമാറാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊടുവള്ളിയിലെ തന്റെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഡാലോചനകള്‍ നടന്നുവെന്നാണ് കാരാട്ട് റസാഖ് ആരോപിക്കുന്നത്. ഇക്കാര്യം സി.പി.ഐ.എമ്മിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഐ.എന്‍.എല്‍ പ്രവേശനത്തിനൊരുങ്ങുന്നതെന്നാണ് സൂചന.
മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍, സി.പി.ഐ.എമ്മിന്റെ അനുമതിയില്ലാതെ ഒരു പാര്‍ട്ടിയിലേക്കും കടന്നു ചെല്ലാനാവില്ലെന്ന് അവരെ അറിയിച്ചതായും റസാഖ് പറഞ്ഞു.
സി.പി.ഐ.എം സ്വതന്ത്രനായാണ് 2016ല്‍ കാരാട്ട് റസാഖ് കൊടുവള്ളിയില്‍ നിന്നും ജയിച്ചു കയറിയത്.
മുസ്‌ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016ലാണ് ഇടതുപക്ഷത്തിനൊപ്പം ചേരുന്നത്. 15ാം നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പിലും കൊടുവള്ളിയില്‍ നിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ചെങ്കിലും മുസ്‌ലിം ലീഗിലെ എം.കെ. മുനീറിനോട് പരാജയപ്പെടുകയായിരുന്നു.
നേരത്തെ മുസ്‌ലിം ലീഗ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുമായി കാരാട്ട് റസാഖ് രംഗത്തെത്തിയിരുന്നു. ലീഗ് തളരാതെ നില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്.
‘മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിര്‍ത്തി തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ്, മുസ്‌ലിം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനില്‍ക്കേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്’ എന്നാണ് റസാഖ് ഫേസ്ബുക്കില്‍ എഴുതിയത്.