'ബംഗാളില്‍ ബി.ജെ.പിക്ക് സീറ്റ് കൂടും'; വിവാദപ്രസ്താവനയില്‍ വിശദീകരണം നല്‍കി കാരാട്ട്; ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കില്ലെന്ന് സൂര്യകാന്ത് മിശ്ര
കൊല്‍ക്കത്ത: ബി.ജെ.പി അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണത്തില്‍ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വിശദീകരണം നല്‍കിയതായി ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര. ബംഗാളില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് ബി.ജെ.പി നേടുമെന്ന് ‘മാതൃഭൂമി ന്യൂസിന്’ നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞതാണു വിവാദമായത്.
ബി.ജെ.പിയും മമതാ ബാനര്‍ജിയും തമ്മില്‍ ഒത്തുകളിച്ചെന്നാണ് കാരാട്ട് ഉദ്ദേശിച്ചതെന്ന് മിശ്ര അറിയിച്ചു. ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദിസംസ്ഥാനങ്ങളില്‍ സീറ്റ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ അതു മറികടക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എണ്ണം തികയ്ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിലായിരുന്നു കാരാട്ടിന്റെ മറുപടി. ‘ഉത്തര്‍പ്രദേശില്‍ നിന്നു മാറി ഒഡിഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സീറ്റ് നേടാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. ഒഡിഷയില്‍ പരമാവധി അഞ്ച് സീറ്റ് ബി.ജെ.പിക്കു ലഭിക്കും. ബംഗാളിലും അവര്‍ നേട്ടമുണ്ടാക്കാനാണു സാധ്യത. ഇപ്പോഴുള്ളതിനേക്കാള്‍ സീറ്റ് കൂടുതല്‍ ലഭിക്കും. എന്നാല്‍ അതവര്‍ക്കത്ര എളുപ്പമാവില്ല. അമിത് ഷാ പറഞ്ഞത് 23 സീറ്റുകളില്‍ വിജയിക്കുമെന്നാണ്. അത്രയൊന്നും ബി.ജെ.പിക്കു ലഭിക്കാനിടയില്ല.’- എന്നായിരുന്നു കാരാട്ടിന്റെ പരാമര്‍ശം.
ഇതില്‍ സി.പി.ഐ.എം ബംഗാള്‍ ഘടകം അതൃപ്തി അറിയിച്ചിരുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ ഇടതുപക്ഷം ശക്തമായി രംഗത്തുള്ള പശ്ചാത്തലത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി ബി.ജെ.പിക്കു ഗുണകരമാകുന്ന വിധത്തില്‍ പ്രസ്താവന നടത്തിയെന്നാണ് ബംഗാള്‍ ഘടകത്തിന്റെ വിമര്‍ശനം. സംസ്ഥാനത്തു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നിരിക്കേ ഇങ്ങനെയൊരു പ്രസ്താവന പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബംഗാളില്‍ പ്രചാരണത്തിന്റെ ഭാഗമായെത്തിയ കാരാട്ടിനെ നേരില്‍ക്കണ്ട് ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം സാഹചര്യം വിശദീകരിച്ചെന്നും മിശ്ര വ്യക്തമാക്കി. വിഷയം അടിയന്തരമായി അവൈലബിള്‍ പി.ബി ചര്‍ച്ച ചെയ്യണമെന്നും കേന്ദ്രനേതൃത്വം മാധ്യമങ്ങള്‍ക്കു മുമ്പാകെ വിശദീകരണം നല്‍കണമെന്നും മിശ്ര നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല.