സ്വര്‍ണകടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ ഏഴാം പ്രതി; പ്രതിയല്ലെന്ന ഫൈസലിന്റെ പ്രസ്താവന കള്ളമെന്ന് കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍
Kerala
സ്വര്‍ണകടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ ഏഴാം പ്രതി; പ്രതിയല്ലെന്ന ഫൈസലിന്റെ പ്രസ്താവന കള്ളമെന്ന് കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2017, 12:39 pm

കോഴിക്കോട്: സ്വര്‍ണകള്ളക്കടത്ത് കേസില്‍ പ്രതിയല്ലെന്ന കാരാട്ട് ഫൈസലിന്റെ പ്രസ്താവന കള്ളമെന്ന് വെളിപ്പെടുത്തല്‍. കേസില്‍ ഫൈസല്‍ ഏഴാം പ്രതിയായിരുന്നെന്നും തന്റെ ബിസിനസ് പങ്കാളിയായിരുന്നു ഫൈസല്‍ എന്നും കൂട്ട്പ്രതി ഷഹബാസ് വെളിപ്പെടുത്തി.

കരിപ്പൂര്‍ സ്വര്‍ണകേസില്‍ തന്റെ കൂടെ ഫൈസല്‍ കാക്കനാട് ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഷഹബാസ് വെളിപ്പെടുത്തി. അതേസമയം കേസിലെ മുഖ്യ പ്രതിയായിരുന്ന ഫിറമോസ ഡി.അര്‍.ഐക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പും മാധ്യമങ്ങള്‍ പുറത്ത് വിട്ടു.

ഫൈസലും ഷഹബാസും ബിസിനസ് പങ്കാളികളാണെന്ന് ഫിറമോസ ഡി.ആര്‍.ഐക്ക് മൊഴി നല്‍കിയിരുന്നു. ഡി.അര്‍.ഐയുടെ കുറ്റപത്രത്തില്‍ ഫൈസല്‍ ആറാം പ്രതിയാണ്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയില്‍ കാരാട്ട് ഫൈസലിന്റെ കാറ് ഉപയോഗിച്ചതാണ് ആരോപണങ്ങള്‍ക്ക് വഴി വെച്ചത്. ജനജാഗ്രതാ യാത്രയല്ല പണജാഗ്രതാ യാത്രയാണ് കോടിയേരി നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കോടിയേരിയും കള്ളക്കടത്തുക്കാരുമായുള്ള ബന്ധം പാര്‍ട്ടിയും മുഖ്യമന്ത്രിയും അന്വേഷിക്കണമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.


Also Read ദിലീപിന്റെ ജാമ്യഹരജി ഒരു ദിവസം കൂടി മാറ്റിവെച്ചിരുന്നെങ്കില്‍ ഞാന്‍ സുപ്രീംകോടതിയില്‍ പോയേനെ;ഇതിനായി നടത്തിയ ഒരുക്കങ്ങള്‍ ദിലീപിനോടുപോലും പറഞ്ഞിരുന്നില്ല: പി.സിജോര്‍ജ്


മുസ്ലീം ലീഗ് നേതൃത്വവും സമാന ആരോപണവുമായി രംഗത്തെത്തിയരുന്നു്. കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് റസാഖിന്റെ കാറുപയോഗിച്ചത് സി.പി.ഐ.എമ്മും സ്വര്‍ണ മാഫിയയും തമ്മിലെ ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു ലീഗിന്റെ ആരോപണം. ആരോപണം മുഖ്യമന്ത്രി നേരിട്ട് അന്വേഷിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് ഫൈസല്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നത് താന്‍ ഒരു കേസിലും പ്രതിയല്ലെന്നും 2013 ല്‍ നടന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരെ കോഫേപോസ പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നെന്നും ഫൈസല്‍ പറഞ്ഞു.

ഈ കേസിലെ ഒരു പ്രതിയും തന്റെ ബന്ധുവും സുഹൃത്തുമായിരുന്ന വ്യക്തിയുടെ ഭാര്യയുടെ പേരിലുള്ള കെഎല്‍ 57 എച്ച് 7 എന്ന ഓഡി ക്യു7 കാര്‍ തന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു എന്നതിന്റെ പേരില്‍ തന്നെ ഡിആര്‍ഐ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നെന്നും തനിക്കെതിരെ ആരോപണമുന്നയിച്ച സുരേന്ദ്രനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞിരുന്നു.