യങ് ഇന്ത്യ എന്ന് പേരിട്ടത് ഗാന്ധിയാണ്; ഇന്ത്യയെന്ന പേര് കൊളോണിയല്‍ സംഭാവനയെന്ന വാദത്തിനെതിരെ കാരശ്ശേരി
കോഴിക്കോട്: ഇന്ത്യയെന്ന പേര് കൊളോണിയല്‍ സംഭാവനായാണെന്ന എന്‍.സി.ഇ.ആര്‍.ടി സമിതി ചെയര്‍മാന്‍ പ്രൊഫ. സി.ഐ ഐസകിന്റെ വാദത്തിനെതിരെ പ്രൊഫ. എം.എന്‍ കാരശ്ശേരി. ഗാന്ധിയുടെ പത്രത്തിന്റെ പേര് യങ് ഇന്ത്യയെന്നായിരുന്നു എന്ന് കാരശ്ശേരി ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനല്ല ഇപ്പോള്‍ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ ഇന്ത്യയെന്ന പേര് മാറ്റി ഭാരതമെന്നാക്കുന്നതെന്നും വിഭജനമുണ്ടാക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റു ഉള്‍പ്പടെയുള്ളവര്‍ കൊളോണിയല്‍ മാനസികാവസ്ഥയുള്ളവരായിരുന്നു എന്നും അവരാണ് ഇന്ത്യയെന്ന പേര് വിളിച്ചത് എന്നുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പ്രൊഫ. ഐസക് പറഞ്ഞത്. ഈ വാദത്തെ ശക്തമായി എതിര്‍ത്ത് കൊണ്ടാണ് പിന്നീട് എം.എന്‍. കാരശ്ശേരി ചര്‍ച്ചയില്‍ സംസാരിച്ചത്. നെഹ്‌റു കൊളോണിയല്‍ മാനസികാവസ്ഥയുള്ള ആളാണ് എന്ന് പറയുന്ന പ്രൊഫ. ഐസക് ഗാന്ധിയും അബുല്‍കലാം ആസാദും സര്‍ദാര്‍ വല്ലഭായ് പട്ടേലുമൊക്കെ അങ്ങനെയാണെന്ന് പറയുമോ എന്നും കാരശ്ശേരി ചോദിച്ചു. മാത്രവുമല്ല ഗാന്ധി തന്റെ പത്രത്തിന് പേരിട്ടത് യംങ് ഇന്ത്യ എന്നായിരുന്നു എന്നും പറഞ്ഞു.
‘ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകന്റെ വേഷം ധരിച്ച്, അതിന്റെ ശരീര ഭാഷ സ്വീകരിച്ച്, അത്തരത്തിലുള്ള ഭക്ഷണം കഴിച്ച, ദാരിദ്ര്യം വരിച്ച് അത് ജീവിതത്തില്‍ മുഴുവന്‍ ആചരിച്ച് കാണിച്ച വ്യക്തിയാണ് ഗാന്ധി. അദ്ദേഹത്തിന്റെ പത്രത്തിന് അദ്ദേഹം യംഗ് ഇന്ത്യ എന്നാണ് പേരിട്ടത്. അവരൊക്കെ കൊളോണിയല്‍ മനസ്സുള്ളവരെന്ന് പറയുന്നത് കേള്‍ക്കേണ്ടി വന്നതില്‍ സഹതാപമുണ്ട്. ബി.ജെ.പിയുടെ നേതാക്കന്‍മാരും അവരുടെ താത്വികാചാര്യന്‍മാരും ഒഴികെ ബാക്കിയെല്ലാവരും കോളനി വാഴ്ചയുടെ അടിമകളാണ് എന്നാണ് ഇവര്‍ പറയുന്നത്.
ഹിന്ദുരാഷ്ട്രത്തിനുള്ള മണ്ണൊരുക്കലാണ് നടക്കുന്നത്. ആ തരത്തില്‍ മനസുകളെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അല്ലാതെ ഇവിടുത്തെ പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കാനല്ല ഈ നടപടി. പട്ടിണിയാണ് ഏറ്റവും വലിയ ആശയക്കുഴപ്പം. അത് പരിഹരിക്കാനല്ല ഈ നടപടി. ഇത് കൃത്യമായും അരാഷ്ട്രീയതയും വിഭജനവുമുണ്ടാക്കലാണ്. വെറുപ്പുല്‍പാദിപ്പിക്കുകയും സമുദായ മൈത്രി തകര്‍ത്ത് ഇലക്ഷന്‍ ജയിച്ച് ഭരണം നേടുകയും നേടിയ ഭരണം നിലനില്‍ത്തുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ്,’ പ്രൊഫ. എം.എന്‍. കാരശ്ശേരി ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.
രാഷ്ട്രീയക്കാരുടെ കൈയിലെ കളിപ്പാവകളായി അക്കാദമിക രംഗത്തുള്ളവര്‍ മാറുന്നത് കഷ്ടമാണെന്നും എന്‍.സി.ഇ.ആര്‍.ടി സമിതി ചെയര്‍മാന്‍ പ്രൊഫ. ഐസക് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞ എല്ലാ കാര്യങ്ങളോടും ശക്തമായ ഭാഷയില്‍ വിയോജിക്കുന്നുവെന്നും കാരശ്ശേരി പറഞ്ഞു.
അതേ സമയം കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പ്രൊഫ. ഐസക് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത എസ്.എഫ്.ഐ നേതാവ് അഫ്‌സലിനെ തെണ്ടി എന്ന് തുടര്‍ച്ചയായി വിളിച്ചായിരുന്നു ഐസക് സംസാരിച്ചത്. ഇത്തരം പദപ്രയോഗം നടത്തുന്നവരാണാ കുട്ടികള്‍ പഠിക്കേണ്ട പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കുന്നത് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
CONTENT HIGHLIGHTS: Karassery’s reply to NCERT committee chairman’s claim that Nehru was colonial minded