നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1977ലാണ് വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റയില്‍ കാരാപ്പുഴ പുഴയില്‍ അണക്കെട്ട് പദ്ധതി ആരംഭിച്ചത്. വയനാട്ടിലെ കാര്‍ഷിക ആവശ്യത്തിന് വേണ്ടിയുള്ള ജലസേചനം ലക്ഷ്യം വച്ചുള്ളതായിരുന്നു 63 കിലോമീറ്റര്‍ ചുറ്റളവിലുള്ള പദ്ധതി.
വര്‍ഷങ്ങള്‍ക്കിപ്പുറം പദ്ധതി അതിന്റെ ലക്ഷ്യങ്ങളിലെത്താതെ ഉപോക്ഷിക്കേണ്ടി വന്നു. കാരാപ്പുഴ കുടിവെള്ളപദ്ധതി മാത്രമായി ഇത് ചുരുങ്ങി. എന്നാല്‍ പദ്ധതിക്കുവേണ്ടി കാരാപ്പുഴയില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളുടെ അവസ്ഥ സമാനതകളില്ലാത്ത ദുരിതത്തില്‍ തുടരുകയാണ്. ഒരു പ്രദേശത്തെ ഊരില്‍ താമസിച്ചും കൃഷിചെയ്തും ജീവിച്ചിരുന്ന ഇവരുടെ ജീവിതം അണക്കെട്ട് പദ്ധതിയോടെ താറുമാറായി. ഇപ്പോള്‍ പൂതമൂലയിലും ചീപ്രം കോളനിയിലും വിഭജിക്കപ്പെട്ട് കഴിയുകയാണ് ഇവര്‍.
സ്വന്തം ഭൂമിയില്‍നിന്നും കുടിയിറക്കപ്പെട്ട ഈ ജനതയ്ക്ക് പകരം ഭൂമി ഇതുവരെ നല്‍കിയിട്ടില്ല. വലിയ അണക്കെട്ട് എന്ന പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ പൂതമൂല കോളനിയില്‍ താമസിക്കുന്നവര്‍ക്ക് അവിടെ തന്നെ വീട് നിര്‍മ്മിക്കാനുള്ള അനുമതി സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനുവദിച്ചു. സബ്കളക്ടര്‍ വന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് കോളനിവാസികള്‍ പറയുന്നു. ഇതോടെ സര്‍ക്കാര്‍ വീടിനും തുക അനുവദിച്ചു. കോളനിക്കാര്‍ ആദ്യഘഡു ഉപയോഗിച്ച് വീടിന് തറ കെട്ടി. രണ്ടാം ഘഡുവിനായി പഞ്ചായത്തിലെത്തയപ്പോഴാണ് കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞത്.
പൂതമൂല കോളനി കാരാപ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമാണെന്നും കാലാന്തരത്തില്‍ കോളനിയിരിക്കുന്ന ഭാഗത്ത് വെളളം കയറുമെന്നും നിര്‍മ്മാണങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ഇവര്‍ക്കുലഭിക്കുന്ന മറുപടി.
ഇതോടെ ഇവരുടെ വീടെന്ന സ്വപ്‌നം പാതിവഴിയിലുപേക്ഷിക്കപ്പെട്ടു. രണ്ടുവര്‍ഷമായി ഇവര്‍ കെട്ടിയുപേക്ഷിച്ച തറയ്ക്ക് സമീപത്ത് ചെറിയ ഷെഡ്ഡുകളും കൂരകളിലും ജീവിക്കുകയാണ്. ചോര്‍ന്നൊലിക്കാത്ത വീട് എന്ന ആഗ്രഹത്തിന് വര്‍ഷങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ് കാരാപ്പുഴ അണക്കെട്ട് പദ്ധതിയോടെ ജീവിതം താറുമാറായ ഇവര്‍.