| Sunday, 8th September 2019, 8:49 am

ഡി.കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷനാവുമോ?; സെപ്തംബര്‍ 12ന് ശേഷം അറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കവേയാണ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. അതിന് ശേഷം അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇല്ലാതായിരുന്നു. ശിവകുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങളാണ് നടത്തിയത്. ഇപ്പോള്‍ വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ചും മറ്റു ഭാരവാഹി സ്ഥാനങ്ങളെ കുറിച്ചും ഉള്ള ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്തംബര്‍ 12ന് ശേഷം ഹൈക്കമാന്‍ഡുമായി ദല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യങ്ങളില്‍ ധാരണയാവുമെന്ന് നിലവിലെ അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. നിയമസഭ പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുക്കേണ്ടതുണ്ട്. അതും ഈ യോഗത്തില്‍ ചര്‍ച്ചയാവും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ദയനീയ പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷനെയും വര്‍ക്കിംഗ് പ്രസിഡണ്ട് ഈശ്വര്‍ കാന്ദ്രെയും നിലനിര്‍ത്തി ഹൈക്കമാന്‍ഡ് ഉന്നത സമിതി പിരിച്ചു വിട്ടിരുന്നു. പിരിച്ചു വിട്ട കമ്മറ്റിയിലെ ഭാരവാഹികള്‍ക്ക് പകരം ഭാരവാഹികളെ നിയമിക്കണം. സഖ്യസര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടതിന് ശേഷമാണ് പുതിയ അദ്ധ്യക്ഷന്‍ എന്ന ചര്‍ച്ചകളും സജീവമായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവകുമാര്‍ മൂന്ന് ദിവസം ദല്‍ഹിയില്‍ തങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു. ഇത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വേണ്ടി ശിവകുമാര്‍ നടത്തുന്ന നീക്കമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ താന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിന് വേണ്ടി ബോധപൂര്‍വം യാതൊരു ഇടപെടലും നടത്തുന്നില്ലെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ഈ ചര്‍ച്ചകള്‍ സജീവമായി നില്‍ക്കവേയാണ് ശിവകുമാറിന്റെ അറസ്റ്റുണ്ടായത്.

We use cookies to give you the best possible experience. Learn more