| Wednesday, 15th January 2020, 10:43 am

ഡി. കെ ശിവകുമാറിന് പിന്നാലെ കര്‍ണാടക മുന്‍ മന്ത്രിയും മലയാളിയുമായ കെ.ജെ ജോര്‍ജ്ജിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റില്‍ നിന്ന് സമന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ജെ ജോര്‍ജിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമന്‍സ് അയച്ചു.

മലയാളിയായ കെ.ജെ ജോര്‍ജ്ജ് കര്‍ണാടകയില്‍ മന്ത്രിയായിരുന്ന സമയത്ത് വിദേശത്ത് അനധികൃത പണം സമ്പാദിച്ചെന്ന പേരിലാണ് കേസ്. വിദേശ പണവിനിമയ നിയന്ത്രണനിയമ പ്രകാരമാണ് ഇ.ഡി കേസെടുത്തിരിക്കുന്നത്.

കര്‍ണാടകയില്‍ ഡി.കെ ശിവകുമാറിന് ശേഷം രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവിനാണ് ഇ.ഡി സമന്‍സ് അയക്കുന്നത്.

ജോര്‍ജ്ജും കുടുംബാംഗങ്ങളും ജനുവരി 16ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ബാങ്ക് അക്കൗണ്ട് രേഖകള്‍, സ്വത്തുവകകളുടെ രേഖകള്‍, ആദായനികുതി അടച്ചതുമായി ബന്ധപ്പെട്ട രേഖകള്‍, ഇന്ത്യയിലേയും വിദേശത്തേയും ബിസിനസ് വിശദാംശങ്ങള്‍ തുടങ്ങിയവയുമായിട്ടായിരിക്കണം ഹാജരാകേണ്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മന്ത്രിയും കുടുംബവും അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കര്‍ണാടക രാഷ്ട്ര സമിതി അധ്യക്ഷന്‍ രവി കൃഷ്ണ റെഡ്ഡിയുടെ പരാതിയിന്മേലാണ് എന്‍ഫോഴ്‌സമെന്റ് ഡയരക്ടററേറ്റ് കേസെടുത്തിട്ടുള്ളത്.

‘എനിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റില്‍ നിന്ന് 23.12.2019 ന് സമന്‍സ് വന്നിട്ടുണ്ട്. പൗരന്‍ എന്ന നിലയ്ക്ക് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക എന്നത് എന്റെ ചുമതലയാണ്. ഞാന്‍ നിയമങ്ങള്‍ അനുസരിക്കുന്ന പൗരനാണ്. എന്റെ സ്വത്തുക്കള്‍ നിയമപരമായി തെളിയിക്കപ്പെട്ടതാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തനിക്ക് നിയമത്തിലും അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിലും വിശ്വാസമുണ്ടെന്നും കെ.ജെ ജോര്‍ജ് പറഞ്ഞു. കോട്ടയം സ്വദേശിയായ കെ.ജെ ജോര്‍ജ് എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

We use cookies to give you the best possible experience. Learn more