| Saturday, 22nd September 2018, 11:32 am

മോദിയുടെ അഭിമുഖം നടത്തുന്നത് പാദസേവ പോലെ, അലറിവിളിക്കലും പ്രകോപന ഹാഷ്ടാഗുകളുമല്ല മാധ്യമപ്രവര്‍ത്തനം: കരണ്‍ഥാപ്പര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനം ആശങ്കപ്പെടുത്തുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍. ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ ടെലിവിഷന്‍ മാധ്യമങ്ങള്‍ക്ക് നേരെയുള്ള നാല് പ്രധാന വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയത്. ഒന്നാമതായി പ്രധാനമന്ത്രിയുമായി മാധ്യമങ്ങള്‍ നടത്തുന്ന അഭിമുഖങ്ങള്‍ പാദസേവ നടത്തുന്നത് പോലെയാണെന്ന് കരണ്‍ഥാപ്പര്‍ പറയുന്നു. ഒരു മറുചോദ്യം പോലും ചോദിക്കാതെ പ്രസംഗിക്കാന്‍ അവസരം നല്‍കുന്നത് പോലെയാണ് അഭിമുഖങ്ങളെന്ന് അദ്ദേഹം പറയുന്നു.

ടെലിവിഷന്‍ ചര്‍ച്ചകളുടെ സ്വഭാവവും അവതരണരീതിയുമാണ് രണ്ടാമതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ചര്‍ച്ചയ്‌ക്കെത്തുന്നവരോട് തട്ടിക്കയറുന്ന സ്വന്തം അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അവതരണ രീതിയെ കരണ്‍ഥാപ്പര്‍ വിമര്‍ശിക്കുന്നു. ദേശീയമാധ്യമങ്ങളുള്‍പ്പടെ നടത്തുന്ന ഹാഷ്ടാഗ് ജേര്‍ണലിസത്തെയും ചര്‍ച്ചയ്‌ക്കൊടുവില്‍ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതിനെയും കരണ്‍ഥാപ്പര്‍ വിമര്‍ശിക്കുന്നു.

കരണ്‍ ഥാപ്പറിന്റെ വാക്കുകള്‍

നാലു കാരണങ്ങളാലാണ് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനം എന്നെ ആശങ്കപ്പെടുത്തുന്നത്. ഒന്ന് പ്രധാനമന്ത്രിയെ ഇന്റര്‍വ്യൂ ചെയ്യുന്നത്. പാദസേവ ചെയ്യുന്നത് പോലെയാണ് ഇത് നടക്കുന്നത്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിന് പകരം പ്രതിപക്ഷം ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹത്തോട് ചോദിക്കുന്നത്. ഇതിലൂടെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള അവസരമാവുകയാണ് ഇത്തരം അഭിമുഖങ്ങള്‍.

ഓരോ ചോദ്യങ്ങളിലും വിഷയം മാറിക്കൊണ്ടിരിക്കുകയാണ്. അത്‌കൊണ്ട് ഒരേ വിഷയത്തില്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളുണ്ടാവുന്നില്ല. ക്രോസ് ക്വസ്റ്റിയനിങ് ഇല്ലെന്നാണ് മറ്റൊരു വസ്തുത. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ട് പ്രധാനമന്ത്രിക്ക് പ്രസംഗിക്കാനുള്ള പ്ലാറ്റ്‌ഫോമാകുകയാണ് ഇത്തരം അഭിമുഖങ്ങള്‍. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന് പോലും ഇതുപോലെയുള്ള അഭിമുഖങ്ങള്‍ ഉണ്ടാവാറില്ല.

നമ്മുടെ ടെലിവിഷന്‍ ചര്‍ച്ചകളും അവതാരകരുടെ പെരുമാറ്റവുമാണ് രണ്ടാമതായി ആശങ്കപ്പെടുത്തുന്ന കാര്യം. അവതാരകന്റെ അഭിപ്രായം തന്നെയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിക്കുന്നതെങ്കില്‍ പോലും നിങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കും. നിങ്ങളുടെ അഭിപ്രായം ചാനലിന്റെയോ അവതാരകന്റെയോ താത്പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പറയുന്നത് തടസപ്പെടുത്തുകയും പറഞ്ഞ് തീരുന്നതിന് മുമ്പ് ഇടയ്ക്ക് കയറി ചോദിക്കുകയും ചെയ്യും. ഇതെല്ലാം അപമര്യാദയാണെന്ന് മാത്രമല്ല ചര്‍ച്ച നടത്താനുള്ള കാരണങ്ങളെ തന്നെ അട്ടിമറിക്കലാണ്.

വ്യത്യസ്തങ്ങളായ ആശയങ്ങളും അഭിപ്രായങ്ങളും പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും നിലപാടുകളെ പരിശോധിക്കുകയും ചെയ്യുന്നതിന് പകരം അവതാരകന്‍ തന്റെ നിലപാട് അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണുള്ളത്.

മൂന്നാമതായി ടെലിവിഷന്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുമ്പോള്‍ അവതാരകര്‍ തങ്ങള്‍ അവതരിപ്പിച്ച വാര്‍ത്തയില്‍ അഭിപ്രായം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നതാണ്. നിങ്ങള്‍ എന്ത് ചിന്തിക്കണമെന്ന് അവതാരകന്‍ പറഞ്ഞു തരികയാണ്, പലപ്പോഴും ബാലിശമായ അഭിപ്രായ പ്രകടനങ്ങളാണ് നടത്താറുള്ളത്. അഭിപ്രായ പ്രകടനങ്ങളിലൂടെയുള്ള ഈ എഡിറ്റോറിയലൈസിങ്ങ് അംഗീകരിക്കാന്‍ കഴിയില്ല. പ്രേക്ഷകരെ കുട്ടികളെ പോലെ കണക്കാക്കുകയാണ് ഇത് ചെയ്യുന്നത്. ആളുകള്‍ക്ക് സ്വന്തമായി കാര്യങ്ങളെ വിലയിരുത്താനുള്ള ബുദ്ധിയുണ്ട്. പറഞ്ഞു തരേണ്ട കാര്യമല്ല.

അടുത്തത് ചാനലുകള്‍ സൃഷ്ടിക്കുന്ന ഹാഷ്ടാഗുകളാണ്. Proud to be an Indian, Anti- Nation JNU, Hateful Pakistan വളരെ ബാലിശമായ ഹാഷ്ടാഗുകളാണ് ഇത് പോലുള്ളവ. അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന് ബുദ്ധിപരമായ മറ്റു പല മാര്‍ഗങ്ങളുമുണ്ട്.

We use cookies to give you the best possible experience. Learn more