| Sunday, 22nd May 2022, 4:34 pm

ഇവന്‍ ടീമിനൊപ്പമുണ്ടോ, എന്നാല്‍ അവര്‍ കപ്പടിച്ചിരിക്കും; അങ്ങനെയെങ്കില്‍ ഈ സാലാ കപ്പ് നംദേ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പ്ലേ ഓഫ് റണ്ണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് കാലിടറി വീണതോടെ തുടര്‍ച്ചയായി മൂന്നാം സീസണില്‍ പ്ലേ ഓഫിലെത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഇതിന് മുമ്പും പല തവണ ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പില്‍ മുത്തമിടാന്‍ ആര്‍.സി.ബിക്കായിട്ടില്ല.

എന്നാല്‍ ഇത്തവണ കളിമാറുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. കാരണം കരണ്‍ ശര്‍മ എന്ന ഭാഗ്യതാരകം ടീമിനൊപ്പമുണ്ടെന്നതു തന്നെയാണ് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നത്.

2009ലാണ് താരം ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്, എന്നാല്‍ ഒറ്റ കളി മാത്രമായിരുന്നു അന്ന് കരണിന് കളിക്കാനായത്. ശേഷം 2013ലായിരുന്നു താരത്തിന്റെ മടങ്ങിവരവ്.  ഇതിന് ശേഷം മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം മൂന്ന് കിരീടമാണ് താരം നേടിയത്.

2016ലായിരുന്നു താരത്തിന്റെ ആദ്യ കിരീടനേട്ടം. 2016ല്‍ ഡേവിഡ് വാര്‍ണറിന്റെ കീഴില്‍ ഹൈദരാബാദ് കപ്പുയര്‍ത്തുമ്പോള്‍ സണ്‍റൈസേഴ്‌സിനൊപ്പമായിരുന്നു കരണ്‍ ശര്‍മ. ഫൈനലില്‍ ആര്‍.സി.ബിയായിരുന്നു ഹൈദരാബാദിന്റെ എതിരാളികള്‍.

പിന്നീട് 2017ല്‍ കരണ്‍ ശര്‍മയെ മുംബൈ ഇന്ത്യന്‍സ് റാഞ്ചുകയായിരുന്നു. ഫൈനലില്‍ പൂനെ സൂപ്പര്‍ജയന്റ്‌സിനെ തകര്‍ത്ത് മുംബൈ കപ്പുയര്‍ത്തുകയായിരുന്നു. ഇതോടെ ടീമിന്റെ ലക്കി ചാമായി കരണിനെ ആരാധകര്‍ വാഴ്ത്തിയിരുന്നു.

എന്നാല്‍ കഥ ഇവിടെയും അവസാനിക്കുന്നില്ല. 2018ല്‍ ചെന്നൈ സൂപ്പര്‍ കിംഗസിലേക്കായിരുന്നു കരണ്‍ തന്റെ തട്ടകം മാറ്റിയത്. 2015ന് ശേഷം രണ്ട് വര്‍ഷത്തെ സസ്പെന്‍ഷന് ശേഷം തിരിച്ചെത്തിയ സി.എസ്.കെ ആ വര്‍ഷം ചാമ്പ്യന്മാരാകുകയായിരുന്നു.

ഇതോടെ ഐ.പി.എല്ലില്‍ ഹാട്രിക്ക് കിരീടം നേടുന്ന ആദ്യ കളിക്കാരാനായി കരണ്‍ മാറുകയായിരുന്നു. പിന്നീട് സി.എസ്.കെ 2021ല്‍ കപ്പടിച്ചപ്പോഴും കരണ്‍ ടീമിലുണ്ടായിരുന്നു.

50 ലക്ഷത്തിനായിരുന്നു ആര്‍.സി.ബി. കരണിനെ സ്വന്തമാക്കിയത്. നിര്‍ഭാഗ്യരെന്ന് മുദ്രകുത്തപ്പെട്ട ആര്‍.സി.ബിയുടെ ഭാഗ്യമാകാന്‍ ഈ താരത്തിനാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

പ്ലേ ഓഫിലെ, ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗവിനെയാണ് ബെംഗളൂരുവിന് നേരിടേണ്ടത്. ഇതിന് പിന്നാലെ ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമിനേയും തോല്‍പ്പിച്ചാല്‍ മാത്രമേ ടീം പ്ലേ ബോള്‍ഡിന് ഫൈനല്‍ കളിക്കാന്‍ സാധിക്കൂ.

Content highlight: Karan Sharma the Lucky Charm in IPL

We use cookies to give you the best possible experience. Learn more