| Tuesday, 24th October 2023, 11:15 pm

സ്‌ത്രൈണതയുള്ളവനെ എല്ലാവരും തമാശയായി കണ്ടു, എന്റെ സെക്ഷ്വാലിറ്റിയെ ആദ്യം അംഗീകരിച്ചത് ഷാരൂഖ്: കരണ്‍ ജോഹര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സെക്ഷ്വാലിറ്റിയെ ആദ്യം അംഗീകരിച്ച മനുഷ്യന്‍ ഷാരൂഖ് ഖാനാണെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. തന്നിലെ സ്‌ത്രൈണ ഭാവത്തെ പലരും കളിയാക്കിയപ്പോള്‍ അത് അംഗീകരിച്ചത് ഷാരൂഖാണെന്നും കരണ്‍ പറഞ്ഞു. ഷാരൂഖ് തനിക്ക് നല്‍കിയ പിന്തുണ വലുതാണെന്നും ‘വി ആര്‍ യുവ’ പോഡ്കാസ്റ്റില്‍ കരണ്‍ പറഞ്ഞു.

‘വളരെ പുരോഗമനപരമായ സാഹചര്യത്തിലാണ് ഷാരൂഖ് വളര്‍ന്നത്. അദ്ദേഹം തിയേറ്ററില്‍ നിന്നുമാണ് വരുന്നത്. എല്ലാ തരത്തിലുമുള്ള മനുഷ്യരുമായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

എന്റെ മാതാപിതാക്കള്‍ക്ക് ഒരുപക്ഷേ കാര്യങ്ങള്‍ മനസിലാവണമെന്നില്ല. എന്റെ ഉള്ളിലെ സ്‌ത്രൈണത പുറത്തേക്ക് വന്നപ്പോഴൊക്കെ ആളുകള്‍ കളിയാക്കിയിരുന്നു. വലുതായപ്പോള്‍ അതിന് കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ സംസാരരീതിയും നടപ്പും കണ്ട് പലരും പലതും പറയുന്നുണ്ടെന്ന് എനിക്കറിയാം.

ഒരു വിധത്തില്‍ പറഞ്ഞാല്‍ എന്നെ ഒട്ടും കുറച്ച് കാണാത്ത ആദ്യത്തെ മനുഷ്യന്‍ ഷാരൂഖാണ്. സ്‌ത്രൈണതയുള്ളവനെ എല്ലാവരും ഒരു തമാശയായി കണ്ട അക്കാലത്ത് ഷാരൂഖ് എന്നെ അംഗീകരിച്ചു. അദ്ദേഹം അതൊക്കെ കൂളായി കണ്ടു. പല തവണ എന്നോട് തുറന്ന് സംസാരിച്ചു.

എന്റെ വ്യക്തിത്വത്തെ പറ്റിയോ സെക്ഷ്വാലിറ്റിയെ പറ്റിയോ സംസാരിക്കാന്‍ തോന്നിയാല്‍ അദ്ദേഹത്തോടാണ് ഞാന്‍ അതിനെ പറ്റി സംസാരിക്കാറുള്ളത്. ഷാരൂഖ് എനിക്ക് വലിയ പിന്തുണയാണ് നല്‍കിയത്. അതിന്റെ വലുപ്പം അദ്ദേഹത്തിന് പോലും അറിയില്ല,’ കരണ്‍ പറഞ്ഞു.

Content Highlight: Karan Johar talks about the support of Sharukh Khan

We use cookies to give you the best possible experience. Learn more