ആ അനുകരണം വേദനിപ്പിച്ചെന്ന് കരണ്‍ ജോഹര്‍; മാപ്പ് പറഞ്ഞ് പരിപാടിയിലെ ഹാസ്യതാരം
Entertainment
ആ അനുകരണം വേദനിപ്പിച്ചെന്ന് കരണ്‍ ജോഹര്‍; മാപ്പ് പറഞ്ഞ് പരിപാടിയിലെ ഹാസ്യതാരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th May 2024, 8:16 pm

ടെലിവിഷന്‍ പരിപാടിയില്‍ തന്നെ മോശമായി അനുകരിച്ചതിന് എതിരെ പ്രതികരണവുമായി കരണ്‍ ജോഹര്‍. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്. താന്‍ 25 വര്‍ഷം പ്രവര്‍ത്തിച്ച സിനിമാ മേഖലയില്‍ നിന്നും ഇത്തരത്തില്‍ അപമാനിക്കപെട്ടതില്‍ വേദനയുണ്ടെന്നാണ് കരണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മാഡ്‌നസ് മചായേങ്കേ എന്ന കോമഡി ഷോയിലൂടെ ഹാസ്യതാരമായ കേത്തന്‍ സിങ്ങാണ് കരണിനെ അനുകരിച്ചത്. കരണ്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയുടെ അനുകരണമായിരുന്നു അത്. പരിപാടിയുടെ പ്രൊമോ കണ്ടാണ് കരണ്‍ തന്റെ പ്രതികരണം അറിയിച്ചത്.

‘ഞാന്‍ എന്റെ അമ്മയുടെ കൂടെയിരുന്ന് ടി.വി കാണുകയായിരുന്നു. അപ്പോഴാണ് പ്രമുഖ ചാനലിലെ ഒരു റിയാലിറ്റി ഷോയുടെ പ്രൊമോ കാണുന്നത്. ഒരു ഹാസ്യതാരം അതില്‍ എന്നെ വളരെ മോശമായ രീതിയിലാണ് അനുകരിച്ചത്. ട്രോളുകളില്‍ നിന്നും മുഖവും പേരുമില്ലാത്തവരില്‍ നിന്നുമാണ് ഞാന്‍ ഇത്തരത്തിലുള്ളവ പ്രതീക്ഷിക്കുന്നത്.

25 വര്‍ഷമായി ഞാന്‍ നില്‍ക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ദേഷ്യമല്ല പകരം എനിക്ക് ഇതില്‍ സങ്കടമാണ് ഉണ്ടായത്,’ കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

താരം പ്രതികരിച്ചതോടെ കേത്തന്‍ സിങ്ങ് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലൂടെ അദ്ദേഹത്തോട് ക്ഷമാപേക്ഷണവും നടത്തി. താന്‍ കരണിന്റെ ഒരു ആരാധകനാണെന്നും തന്റെ പ്രവര്‍ത്തി വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ശരിക്കും സര്‍പ്രൈസ്ഡായി. കാരണം റിഹേഴ്‌സലിന്റെ സമയത്തോ ഇത് ഷൂട്ട് ചെയ്യുമ്പോഴോ ആരും തെറ്റായി ഇതിനെ കണ്ടിരുന്നില്ല. എന്താണ് അദ്ദേഹത്തെ സങ്കടപ്പെടുത്തിയത് എന്ന് അറിയില്ല. അനുകരിച്ചതാണോ അതോ ഡയലോഗാണോ കാരണമായതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്തുതന്നെയായാലും, എന്റെ പ്രവര്‍ത്തി അദ്ദേഹത്തെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

അദ്ദേഹം വളരെ വലിയ ഒരു വ്യക്തിയാണ്. എനിക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ മാര്‍ഗമില്ല. അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയിലൂടെ മെസേജ് ചെയ്ത് സംസാരിക്കുന്നത് ഒരു നല്ല മാര്‍ഗമാണെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ഈ അഭിമുഖത്തിലൂടെ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നത്,’ കേത്തന്‍ സിങ്ങ് പറഞ്ഞു.

Content Highlight: Karan Johar Says Kettan Singh’s Mimicking Hurt Him