യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ ടു ഇന്ത്യ മുഴുവനും തരംഗമായ ചിത്രമാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെത്തിയ ചിത്രം കളക്ഷനില്‍ റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ മെയ് 17ന് കെ.ജി.എഫ് ചാപ്റ്റര്‍ 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു.
എന്നാല്‍ കെ.ജി.എഫ് ബോളിവുഡിലായിരുന്നു ഇറങ്ങിയിരുന്നതെങ്കില്‍ നിരൂപകര്‍ രൂക്ഷമായി വിമര്‍ശിച്ചേനെയെന്ന് പറയുകയാണ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു കരണിന്റെ പ്രതികരണം. ബോളിവുഡ് സിനിമ പ്രവര്‍ത്തകരെക്കാള്‍ സ്വാതന്ത്ര്യം തെന്നിന്ത്യന്‍ സിനിമ പ്രവര്‍ത്തകര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
സമീപ കാലത്ത് ബോളിവുഡ് സിനിമകള്‍ പരാജയപ്പെടുന്നതിനെകുറിച്ചും തെന്നിന്ത്യന്‍ സിനിമകള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ വിജയമാവുന്നതിനെ കുറിച്ചും സംസാരിക്കവേയായിരുന്നു കരണിന്റെ പ്രതികരണം.
‘കെ.ജി.എഫിനെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ വിചാരിക്കുകയായിരുന്നു, അത് ഒരു ബോളിവുഡ് ചിത്രമായിരുന്നുവെങ്കില്‍ നിരൂപകര്‍ കടന്നാക്രമിച്ചേനെയെന്ന്.
എനിക്ക് കെ.ജി.എഫ് ഇഷ്ടമായ ചിത്രമാണ്. ബോളിവുഡ് സിനിമാപ്രവര്‍ത്തകരേക്കാള്‍ സ്വാതന്ത്ര്യം തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്കുണ്ട്,’ കരണ്‍ പറഞ്ഞു.
തെന്നിന്ത്യയില്‍ നിന്നുള്ള ആര്‍.ആര്‍.ആര്‍, കെ.ജി.എഫ്, വിക്രം തുടങ്ങിയ ചിത്രങ്ങള്‍ ഗംഭീരവിജയം നേടുകയും സമീപകാല ബോളിവുഡ് ചിത്രങ്ങള്‍ വന്‍ പരാജയമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് കരണിന്റെ പ്രതികരണം.
അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം സിനിമയുടെ റിമേക്ക് അവകാശം കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും സ്വന്തമാക്കിയിരുന്നു. ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങളാണ് ധര്‍മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും സ്വന്തമാക്കിയത്.
Content Highlights: Karan Johar says Bollywood would’ve been ‘lynched’ had it made KGF