| Monday, 8th July 2024, 11:58 am

മൂന്നര കോടി പോലും ഓപ്പണിങ് നേടാന്‍ പറ്റാത്ത നടന്മാര്‍ വരെ 35 കോടിയാണ് ചോദിക്കുന്നത്: കരണ്‍ ജോഹര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സിനിമകളുടെ റീമേക്കുകളും, ബയോപിക്കുകളും മാത്രം നിറഞ്ഞ് നിന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ ബോളിവുഡ് കുറച്ചെങ്കിലും മെച്ചപ്പെട്ട വര്‍ഷമായിരുന്നു 2023. ഷാരൂഖ് ഖാന്റെ തുടര്‍ച്ചയായ രണ്ട് സിനിമകള്‍ 1000 കോടി ക്ലബ്ബില്‍ കയറിയത് ഇന്‍ഡസ്ട്രിക്ക് പിടിച്ചു നില്‍ക്കാനുള്ള കച്ചിത്തുരുമ്പായിരുന്നു. പഴയതിലും ശക്തമായി ബോളിവുഡ് തിരിച്ചുവരുമെന്ന് കരുതിയവരെ നിരാശപ്പെടുത്തിക്കൊണ്ടാണ് 2024ന്റെ ആദ്യപകുതി അവസാനിച്ചത്.

വലിയ പ്രതീക്ഷയില്‍ വന്ന പല സിനിമകളും മുടക്കുമുതല്‍ പോലും നേടാനാകാതെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. 250 കോടി നേടിയ ഹൃതിക് റോഷന്‍ ചിത്രം ഫൈറ്ററാണ് ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹിന്ദി ചിത്രം. അജയ് ദേവ്ഗണ്ണിന്റെ ശൈത്താന്‍ 150 കോടി നേടി രണ്ടാം സ്ഥാനത്തുണ്ട്. ഈ അവസ്ഥയിലും പല നടന്മാരും വന്‍ തുക പ്രതിഫലം ചോദിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് സംവിധായകന്‍ കരണ്‍ ജോഹര്‍.

ബോളിവുഡ് സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ധര്‍മ പ്രൊഡക്ഷന്‍സിന്റെ ഉടമ കൂടിയായ കരണ്‍ ജോഹര്‍ താരങ്ങളെ വിമര്‍ശിച്ചത് വലിയ വാര്‍ത്തയാണ്. ബോളിവുഡിലെ പത്തോളം മുന്‍നിര താരങ്ങള്‍ വലിയ തുകയാണ് പ്രതിഫലം ചോദിക്കുന്നതെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. മൂന്നരക്കോടി പോലും ഓപ്പണിങ് നേടാന്‍ പറ്റാത്ത നടന്മാര്‍ 35 കോടിയാണ് ചോദിക്കുന്നതെന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു.

‘ബോളിവുഡിലെ പത്തോളം മുന്‍നിര നടന്മാര്‍ സൂര്യനെയും ചന്ദ്രനെയുമൊക്കെയാണ് പ്രതിഫലമായി ചോദിക്കുന്നത്. മൂന്നരക്കോടി പോലും ഓപ്പണിങ് കളക്ഷന്‍ നേടാന്‍ കഴിയാത്തവര്‍ വരെ 35 കോടിയാണ് പ്രതിഫലം ചോദിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ നിങ്ങളെങ്ങനെ ഒരു നിര്‍മാണക്കമ്പനി നടത്തിക്കൊണ്ട് പോകും?

കഴിഞ്ഞ വര്‍ഷം പത്താന്‍ ജവാന്‍ എന്നീ സിനിമകള്‍ 100 കോടി നേടിയത് കണ്ടപ്പോള്‍ എല്ലാവരും ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് റോക്കി ഓര്‍ റാണി കി പ്രേം കഹാനി ഹിറ്റാകുന്നത് കണ്ടത്. അപ്പോള്‍ എല്ലാവരും ലവ് സ്റ്റോറികള്‍ എടുക്കാന്‍ തുടങ്ങി. എവിടെയങ്കിലും ഉറച്ച് നില്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതില്ലെങ്കില്‍ എന്ത് ചെയ്തിട്ടും കാര്യമില്ല,’ കരണ്‍ ജോഹര്‍ പറഞ്ഞു.

Content Highlight: Karan Johar react against high remuneration of Bollywood artists

We use cookies to give you the best possible experience. Learn more