ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണ്‍, രണ്‍വീര്‍ കപൂര്‍ എന്നിവര്‍ക്കെതിരായ അധിക്ഷേപത്തില്‍ രോഷാകുലനായി സംവിധായകന്‍ കരണ്‍ ജോഹര്‍. കോഫി വിത്ത് കരണില്‍ ഏറ്റവും സത്യസന്ധമായി നടന്ന എപ്പിസോഡായിരുന്നു ദീപികയുടേയും രണ്‍വീറിന്റേതെന്നും എന്നാല്‍ അതിന് വന്ന പ്രതികരണങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിച്ചുവെന്നും കരണ്‍ പറഞ്ഞു.
ദീപികയേയും രണ്‍വീറിനേയും അധിക്ഷേപിക്കുന്നവര്‍ സ്വന്തം വീട്ടിലേക്ക് നോക്കണമെന്നും അവര്‍ക്കെതിരെ താന്‍ നടുവിരലുയര്‍ത്തുകയാണെന്നും കരണ്‍ പറഞ്ഞു. ആദിത്യ റോയി കപൂര്‍, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ പങ്കെടുത്ത കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലായിരുന്നു കരണിന്റെ പ്രതികരണം.
‘ദീപികയുടേയും രണ്‍വീറിന്റേയും ഏറ്റവും സത്യസന്ധമായ എപ്പിസോഡുകളില്‍ ഒന്നായിരുന്നു. പരിഹാസ്യമായ നിലയിലുള്ള സംഭവങ്ങളാണ് അതിന് ശേഷം നടന്നത്. ആ എപ്പിസോഡിന് വന്ന പ്രതികരണങ്ങള്‍ എന്നെ ദേഷ്യം പിടിപ്പിച്ചു. കോഫി വിത്ത് കരണിന്റെ ഏറ്റവും മികച്ച എപ്പിസോഡുകളിലൊന്നായാണ് ഞാന്‍ അതിനെ പരിഗണിക്കുന്നത്.
അവര്‍ രണ്ട് പേരും വളരെ സത്യസന്ധമായാണ് സംസാരിച്ചത്. ഒരുപാട് കാര്യങ്ങള്‍ അവര്‍ പങ്കുവെച്ചു. എന്നാല്‍ പുറത്തുള്ളവര്‍ എന്തൊക്കെ വിവരക്കേടാണ് പറഞ്ഞത്. മറ്റുള്ളവരുടെ വ്യക്തിജീവിതത്തെ പറ്റിയും ദാമ്പത്യത്തെ പറ്റിയും നിങ്ങള്‍ക്ക് എന്തറിയാം. നിങ്ങള്‍ സ്വന്തം വീട്ടിലേക്ക് നോക്കൂ എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. അവര്‍ക്കെതിരെ ഞാനെന്റെ നടുവിരല്‍ ഉയര്‍ത്തുകയാണ്,’ കരണ്‍ ജോഹര്‍ പറഞ്ഞു.
കോഫി വിത്ത് കരണില്‍ വെച്ച് തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ദീപികയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് അവര്‍ക്കെതിരെ അധിക്ഷേപങ്ങളുയര്‍ന്നത്.
‘മറ്റൊരു ബന്ധത്തിന്റെ പേരില്‍ തകര്‍ന്ന് നില്‍ക്കുകയായിരുന്നു. ആരുമായും വൈകാരികമായി അടുക്കരുത് എന്ന് വിചാരിച്ചിരുന്നു. രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുന്നത് വരെ അതൊരു കമ്മിറ്റഡ് റിലേഷന്‍ അല്ലായിരുന്നു. മറ്റ് വ്യക്തികളോട് അടുക്കാനുള്ള സ്വാതന്ത്രമുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ പരസ്പരം തിരികെയെത്തുമായിരുന്നു. മറ്റ് ആളുകളെ കാണുമ്പോഴും മനസില്‍ ഞാന്‍ രണ്‍വീറിനോട് കമ്മിറ്റഡായിരുന്നു,’ എന്നാണ് ദീപിക പറഞ്ഞത്.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ദീപികയെ പരിഹസിച്ച് നാടകം അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ദീപികയെ അനുകൂലിച്ചും പരിഹസിക്കുന്നവരെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Content Highlight: Karan Johar is furious with the abuse against Deepika Padukone and Ranveer Kapoor