| Sunday, 26th April 2020, 2:10 pm

'അമ്മയെ നഷ്ടപെട്ടവര്‍, ജോലി നഷ്ടപ്പെട്ടവര്‍,'കൊവിഡ് കാലത്ത് താരങ്ങളുടെ കണ്ണു തുറപ്പിച്ച് വൈറല്‍ വീഡിയോ, ക്ഷമ ചോദിച്ച് കരണ്‍ ജോഹര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 സമയത്ത് ലോകത്താകമാനം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിനോദ മേഖലയിലുള്ള താരങ്ങള്‍ നടത്തുന്ന പോസ്റ്റുകള്‍ നേരത്തെ പല തവണ വിവാദമായതാണ്. തങ്ങളുടെ ആഡംബര ജീവിതവും വിലപിടിപ്പുള്ള ഭക്ഷണവും വ്യായാമ രീതികളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കുന്ന താരങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അവഹേളിക്കുകയാണെന്ന് പറഞ്ഞു കൊണ്ട് ബോളിവുഡ് സംവിധായിക ഫറാ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ കൊവിഡ് കാലത്തെ താരങ്ങളുടെ സമീപനത്തെ പരിഹസിച്ച് കൊണ്ടിറങ്ങിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

‘താങ് യൂ സെലിബ്രറ്റീസ്’ എന്നാണ് വീഡിയോയുടെ പേര്. തൊഴില്‍ സ്ഥലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു ആരോഗ്യ പ്രവര്‍ത്തക, കൊവിഡ് ബാധിച്ച് അമ്മ മരണപ്പെട്ട ഒരാള്‍, കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ഒരാള്‍, വാടക കൊടുക്കാനാവത്തതിന്റെ പേരില്‍ വീട്ടുടമ പുറത്താക്കിയയാള്‍ തുടങ്ങിയ കഥാപാത്രങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇത്രയധികം പ്രശ്‌നം നേരിടുമ്പോഴും തങ്ങള്‍ താരങ്ങളുടെ വീഡിയോകള്‍ കണ്ട് ആസ്വദിക്കുകയാണ് എന്നും നിങ്ങള്‍ക്ക് നന്ദി എന്നുമാണ് ആക്ഷേപ ഹാസ്യത്തില്‍ വീഡിയോയില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. വീഡിയോ കണ്ടതിനു പിന്നാലെ തന്റെ പോസ്റ്റുകള്‍ക്ക് ക്ഷമ പറഞ്ഞു കൊണ്ട് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ രംഗത്തെത്തി.

‘ ഇത് എന്നെ വല്ലാതെ ബാധിച്ചു. എന്റെ പല പോസ്റ്റുകളും വിവേക ശൂന്യമായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. ക്ഷമചോദിക്കുന്നു. പങ്കു വെക്കുക എന്ന തരത്തിലാണ് ഈ പോസ്റ്റുകള്‍ ചെയ്തത്. പക്ഷെ അതിന് വൈകാരികമായ ദൂരക്കാഴ്ച ഇല്ലായിരിക്കും. ക്ഷമിക്കുക, ‘ കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചു. അതേ സമയം നിരവധി പേര്‍ കരണ്‍ ജോഹര്‍ ക്ഷമ പറയേണ്ട ആവശ്യമില്ലെന്നും താരങ്ങളുടെ പോസ്റ്റുകള്‍ ആശ്വാസമാണെന്നും പറഞ്ഞു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more