| Saturday, 10th December 2022, 8:20 am

ദൃശ്യത്തിന്റെ ബ്രാന്‍ഡ് വാല്യു വളരെ ശക്തമാണ്, ഇത്ര വലിയ ഓപ്പണിങ് ലഭിക്കുന്നതിന്റെ കാരണവും അതാണ്; ജീത്തു ജോസഫ് ചിത്രം ചര്‍ച്ചയാക്കി കരണും അനുരാഗും ദുല്‍ഖറും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു ബ്രാന്‍ഡ് ആണ് ജീത്തു ജോസഫ് ചിത്രം ദൃശ്യം. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗലാട്ട പ്ലസ് ചാനല്‍ സംഘടിപ്പിച്ച മെഗാ റൗണ്ട് ടേബിളില്‍ ദൃശ്യം ചര്‍ച്ച ചെയ്യപ്പെടുകയാണ്. വിവിധ ഭാഷകളില്‍ നിന്നുമുള്ള സംവിധായകരും അഭിനേതാക്കളുമുള്‍പ്പെടെയുള്ളവരാണ് റൗണ്ട് ടേബിളില്‍ പങ്കെടുത്തത്. ദൃശ്യം പോലെയുള്ള സിനിമകള്‍ ആളുകളെ തിയേറ്ററിലേക്ക് എത്തിക്കുമെന്നാണ് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞത്.

‘ഒന്നെങ്കില്‍ പ്രേക്ഷകന് പുതുമ ഉള്ളത് എന്തെങ്കിലുമായിരിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് വീണ്ടും കാണാന്‍ തോന്നുന്നതാവണം. അതിന് പ്രേരിപ്പിക്കുന്നത്
സംവിധായകനായിരിക്കാം, ദൃശ്യം പോലെയൊരു സിനിമയായിരിക്കാം. അത് വീണ്ടും ആളുകള്‍ക്ക് കാണാന്‍ തോന്നും. ദൃശ്യം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യപ്പെട്ടു. അതിന് 200 മില്യണ്‍ ഡോളറാണ് കളക്ഷന്‍ ലഭിച്ചത്,’ അനുരാഗ് കശ്യപ് പറഞ്ഞു.

ദൃശ്യത്തിന്റെ ബ്രാന്റ് വാല്യു വളരെ ശക്തമാണ്. രണ്ടാം ഭാഗത്തിന്റെ ഹിന്ദി റീമേക്കിന് ഇത്ര വലിയ ഓപ്പണിങ് ലഭിക്കുന്നതിനുള്ള കാരണവും അതാണ്. അത് കാണാതിരിക്കാനാവില്ല. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റും. അത് ആ എഴുത്തിന്റെ മികവാണ് കാണിക്കുന്നത്, എന്നാണ് സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞത്.

പ്രേക്ഷകനെന്ന നിലയില്‍ ആ സിനിമ വളരെ ഇഷ്ടമാണെന്നും കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി ഒരു കൊലപാതകമാണ് സിനിമയില്‍ മറക്കുന്നതെന്നുമാണ് സംവിധായകന്‍ ഹേമന്ത് റാവോ പറഞ്ഞത്.

ഈ സാഹചര്യം എനിക്ക് സംഭവിച്ചാല്‍ എന്താകുമുണ്ടാവുക എന്നാണ് ചിന്തിക്കുക. കാരണം വീട്ടിലേക്ക് വന്ന വില്ലന് നമുക്ക് അപകടമുണ്ടാക്കുന്നു. എനിക്ക് എന്റെ കുടുംബത്തെ രക്ഷിക്കുകയും വേണം, ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ നിപുണ്‍ ധര്‍മാധികാരി, അഭിനേതാക്കളായ പൂജ ഹെഗ്‌ഡേ, ശ്രീനിധി ഷെട്ടി, വരുണ്‍ ധവാന്‍, കാര്‍ത്തി എന്നിവരും റൗണ്ട് ടേബിളില്‍ പങ്കെടുത്തിരുന്നു.

അടുത്തിടെയാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. അജയ് ദേവ്ഗണ്‍ നായകനായ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 280 കോടിയാണ് ഇതിനോടകം നേടിയത്. ശ്രീയ ശരണ്‍, തബു, അക്ഷയ് ഖന്ന, ഇഷിത ദത്ത, മൃണാള്‍ ജാദവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Content Highlight: Karan johar, Anurag kasyap and Dulquer salmaan discuss Jeethu Joseph film drishyam

We use cookies to give you the best possible experience. Learn more