Advertisement
Film News
ഷാരൂഖിന്റെ ഇന്റിമേറ്റ് സീന്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്ന് നിര്‍മാതാവ് പറഞ്ഞിട്ടും കേട്ടില്ല, പിന്നീട് കുറ്റബോധം തോന്നി: കരണ്‍ ജോഹര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 04, 04:11 pm
Saturday, 4th March 2023, 9:41 pm

ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, അഭിഷേക് ബച്ചന്‍, പ്രീതി സിന്ദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് കഭി അല്‍വിദ നാ കെഹന. വിവാഹേതര ബന്ധങ്ങളേയും പ്രണയത്തിലെ തീവ്രതയേയും പറ്റി പറഞ്ഞ ചിത്രത്തിന് കാര്യമായ വിജയം നേടാനായില്ല.

സിനിമയില്‍ ഷാരൂഖ് ഖാനും റാണി മുഖര്‍ജിയും അഭിനയിച്ച ഇന്റിമേറ്റ് രംഗത്തെ പറ്റി പറയുകയാണ് കരണ്‍ ജോഹര്‍. ആ രംഗം ചിത്രീകരിക്കുന്നതില്‍ നിര്‍മാതാവ് ആദിത്യ ചോപ്ര ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും പ്രേക്ഷകര്‍ അത് സ്വകീരിക്കുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞിരുന്നുവെന്നും കരണ്‍ പറഞ്ഞു. അനുപമ ചോപ്രക്ക് നല്‍കിയ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സീക്വന്‍സ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ആദി എന്നെ വിളിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ ഇതിനെ പറ്റി ചിന്തിക്കുകയാണ്, എനിക്ക് സമാധാനമില്ല, അവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് എനിക്ക് തോന്നുന്നില്ല, ഇന്ത്യന്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കില്ല എന്നാണ് തോന്നുന്നത് എന്ന് ആദി പറഞ്ഞു. എന്നാല്‍ ഞാനത് ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. ഒരു പ്രണയ ബന്ധത്തില്‍ എങ്ങനെയാണ് ശാരീരിക ബന്ധമുണ്ടാകാതിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു.

അതിന്റെ പേരില്‍ അന്ന് ഞങ്ങള്‍ കുറെ തര്‍ക്കിച്ചു, വഴക്കായി. അക്കാര്യത്തില്‍ ഞാന്‍ വിപ്ലവകാരിയായിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ സിനിമയെ പറ്റി ഇരുന്ന് ആലോചിച്ചപ്പോള്‍ അന്ന് അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി. ശാരീരികമായ അടുപ്പം ചിത്രീകരിച്ചില്ലായിരുന്നെങ്കില്‍ ആ ചിത്രം പ്രേക്ഷകര്‍ കുറച്ച് കൂടി സ്വീകരിച്ചിരുന്നേനെ.

ചില കാര്യങ്ങളില്‍ എനിക്ക് എപ്പോഴും കുറ്റബോധം തോന്നാറുണ്ട്. വ്യക്തിപരമായി നോക്കുമ്പോള്‍ കഭി അല്‍വിദ നാ കെഹനയില്‍ ഒരുപാട് പ്രിയപ്പെട്ട സീനുകളുണ്ട്. ആ സിനിമയില്‍ സംഭവിച്ച തെറ്റ് എന്റേത് മാത്രമാണ്. ഫ്രെഷായ, ഇന്ററസ്റ്റിങ്ങായ, ഗ്രൗണ്ട് ബ്രേക്കിങ്ങായ ഒന്ന് ചെയ്യാനാണ് ശ്രമിച്ചത്. എന്നാല്‍ പാതിവഴിയിലെത്തിയപ്പോള്‍ എനിക്ക് ഭയമായി,’ കരണ്‍ ജോഹര്‍ പറഞ്ഞു.

Content Highlight: karan johar about kabhi alvidha na kehna movie