സംസ്ഥാനത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന അവസരത്തില്‍ നഗരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങള്‍ വര്‍ധിക്കുന്ന അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് വിളപ്പില്‍ശാല മാലിന്യ ഫാക്ടറി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പുതിയ മാലിന്യ കുമ്പാരം ഉയര്‍ന്നിരിക്കുന്നത്. ബി.ജെ.പി വാര്‍ഡ് കൗണ്‍സിലറുടെ അധികാര പരിധിയില്‍ വരുന്ന നഗരപ്രദേശത്താണ് മാലിന്യ കുമ്പാരം കൊണ്ട് ജനങ്ങള്‍ പൊറുതുമുട്ടിയിരിക്കുന്നത്. ഇതിനെതിരെ നിരന്തര പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
നിലവിലെ നഗരത്തിലെ മാലിന്യ സംസ്‌കരണത്തിനുള്ള പ്രധാന വഴിയായിരുന്നത് വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ ഫാക്ടറിയായിരുന്നു. എന്നാല്‍ അത് അടച്ചുപൂട്ടിയതോടെ ചാക്കില്‍ക്കെട്ടിയ നിലയില്‍ മാലിന്യങ്ങള്‍ ദേശീയപാതയ്ക്കിരുവശത്തേക്കുമായി കൂട്ടിയിട്ടിരിക്കുകയാണ്. ഇറച്ചി മാലിന്യങ്ങള്‍ അടക്കമുള്ളവ ദേശീയ പാതയ്ക്കിരുവശവും കൂട്ടിയിട്ട നിലയിലാണ് ഇപ്പോള്‍ കാണപ്പെടുന്നത്.
ALSO READ: മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നത് മാരക രാസവസ്തുക്കള്‍
കരമന- കളിയിക്കാവിള ദേശീയപാതയില്‍ കരമനപാലത്തിന് സമീപം മാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടിയാണ് ഇപ്പോള്‍ നിക്ഷേപിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്ക് അടുത്താണ് ഈ മാലിന്യകുമ്പാരങ്ങള്‍ ക്യത്യമായി സംസ്‌കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നത്. നഗരത്തിലെ 50 ഓളം വാര്‍ഡുകളിലെ മാലിന്യങ്ങളാണ് ദേശീയപാതയ്ക്ക് സമീപം ചാക്കില്‍ക്കെട്ടി നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയെത്തിയിട്ടും വാര്‍ഡ് കൗണ്‍സിലര്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവിടേക്കെത്തുന്ന മാലിന്യങ്ങള്‍ തമിഴ്‌നാട്ടിലെ വളം ഫാക്ടറിയിലേക്ക് കയറ്റി അയയ്ക്കുകയാണ് നിലവില്‍ ചെയ്യുന്നത്. എന്നാല്‍ ഇതിന് കൃത്യവും ശാസ്ത്രീയവുമായ രീതിയല്ല നിലവില്‍ പിന്തുടരുന്നതെന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്. ചാക്കില്‍ക്കെട്ടി മാലിന്യങ്ങള്‍ നഗരത്തിലെ തിരക്കുള്ള ഭാഗത്താണ് നിക്ഷേപിക്കുന്നത്.
ഇത് ഈ ഭാഗത്തെ ജനങ്ങള്‍ക്കിടയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്.
മുപ്പത് നാല്പ്പത് കൊല്ലത്തോളമായി ഈ പ്രദേശത്ത് താമസിക്കുന്നവരാണ് ഇവിടെയുള്ളത്. ദുര്‍ഗന്ധം കാരണം ഇപ്പോള്‍ ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കാന്‍ പറ്റാത്ത സാഹചര്യമാണ്. വാര്‍ഡ് കൗണ്‍സിലര്‍ക്കും കോര്‍പ്പറേഷനിലും മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കി. പക്ഷെ യാതൊരു നടപടിയും ഇതുവരെയുണ്ടായില്ല. ഈ പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് ഭരിക്കുന്നത് ബി.ജെ.പി കൗണ്‍സിലറായ കരമന അജിത്താണ്. ജനങ്ങള്‍ക്ക് ദുരിതം മാത്രം സൃഷ്ടിക്കുന്ന ഈ മാലിന്യ കുമ്പാരം മാറ്റാന്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നിട്ടും യാതൊരു നടപടികളും ഇതേവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസിയായ ബാലകൃഷ്ണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
മണിക്കൂറില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രദേശമാണ് കരമന ദേശീയപാത. മാലിന്യം കൂമ്പാരമായതോടെ നായ്ക്കളുടെയും പാമ്പുകളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിവിടം. ശ്വാസകോശ രോഗങ്ങളും ത്വക്ക് രോഗങ്ങളും ഈ ഭാഗത്തെ ജനങ്ങള്‍ക്കിയില്‍ വര്‍ധിക്കുന്നതായി നാട്ടുകാരും റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളും അഭിപ്രായപ്പെടുന്നു. മാത്രമല്ല ദേശീയപാതയ്ക്കടുത്തു തന്നെയാണ് ഹൈസ്‌കൂളും മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. മാസ്‌ക് ധരിച്ചാണ് ദേശീയ പാതയ്ക്ക് ഇരുവശത്തുമുള്ളവര്‍ യാത്ര ചെയ്യുന്നത്.
ALSO READ: നിങ്ങളുടെ ഫേസ്ബുക്ക് കുത്തിപ്പൊക്കലുകളില്‍ മുങ്ങി പോകുന്ന നിപാ ജാഗ്രതാ സന്ദേശങ്ങള്‍
ഇതിനെക്കാളൊക്കെ വലിയ പരിസ്ഥിതി ആഘാതമാണ് ഈ മാലിന്യങ്ങള്‍ കുമ്പാരമായി തള്ളുന്നതിലൂടെ സംഭവിക്കുന്നത്. തിരുവനന്തപുരം നഗരത്തിന്റെ തന്നെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ കരമനയാറിലേക്കാണ് മാലിന്യങ്ങളില്‍ നിന്ന് ഒഴുകുന്ന ജലം എത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കുണ്ടാകാനും ഇത് കാരണമാകുന്നു. ഇത്തരത്തില്‍ പരിസ്ഥിതിയ്ക്കും പ്രദേശവാസികള്‍ക്കും ഹാനികരമായി നിലനില്‍ക്കുന്ന മാലിന്യ കൂമ്പാരത്തെ മാറ്റാനും അവ ശാസ്ത്രീയമായി സംസ്‌കരിക്കാനും നഗരസഭ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് യാതൊരു രീതിയിലുള്ള നടപടികളും ഉണ്ടായിട്ടില്ലെന്നും വ്യാപക പരാതിയുയര്‍ന്നിട്ടുണ്ട്.
അതേസമയം മാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടി സൂക്ഷിക്കാനും ലോറിയില്‍ കയറ്റാനുമായി ഇവിടെ അന്യസംസ്ഥാന തൊഴിലാളികളെ നിയമിച്ചിരിക്കയാണ്. യാതൊരു മുന്‍കരുതലുകളും ഇല്ലാതെയാണ് രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ ഇവിടെ തൊഴിലെടുക്കുന്നതെന്നും പരാതിയുയരുന്നുണ്ട്. ഏകദേശം നാനൂറിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണ് ഇത്. എന്നാല്‍ അധികൃതര്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ പരാതിയില്‍ ഒപ്പിട്ട് മുന്നോട്ട് എത്തിയത് വെറും 30 പേര്‍ മാത്രമാണ്. ഇത്തരത്തില്‍ വ്യാപകമാകുന്ന അശാസ്ത്രീയ മാലിന്യ സംസ്‌കാരത്തിനെതിരെ കരമന കളിയിക്കാവിള നിവാസികള്‍ക്കിടയില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്.
ലോക പരിസ്ഥിതി ദിനം ആചരിച്ച ജൂണ്‍ 5 ന് തൊട്ടുപിന്നാലെയാണ് തലസ്ഥാനനഗരത്തില്‍ നിന്നും ഈ വാര്‍ത്തയെത്തുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ പദ്ധതിയിട്ടിട്ടും നഗരത്തിന്‍റെ ജനവാസ കേന്ദ്രങ്ങളില്‍ തന്നെ ഇത്തരത്തില്‍ മാലിന്യങ്ങള്‍ വര്‍ധിക്കുന്നത് രോഗങ്ങളുടെയും ജനാരോഗ്യത്തെയുമാണ് കൂടുതലായി ബാധിക്കുന്നത്. ഈ പ്രദേശങ്ങളിലെ ജനങ്ങളില്‍ പലരും പരാതി നല്‍കാന് മുന്നോട്ട് വരുന്നില്ലെന്നാണ് നാട്ടുകാരനും അധ്യാപകനുമായ പ്രദേശവാസി പറഞ്ഞത്. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണോയെന്ന സംശയമുണ്ടെന്നും ഇദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.