അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം കപ്പേളയുടെ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി.
സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയ ഹരജിയ്ക്ക് പിന്നാലെയായിരുന്നു കപ്പേളയുടെ അന്യഭാഷാ റീമേക്കുകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്.
2020ല്‍ ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വിറ്റുപോയിരുന്നു. അതിനുശേഷം ചിത്രത്തിനു കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യുവാനുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തനിക്കും ഈ ചിത്രത്തിന്റെ തിരക്കഥയില്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് സുധാസ് എന്ന വ്യക്തി എത്തിയത്.
അസിസ്റ്റന്റ് ഡയറക്ടര്‍ ആയും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് ടീമിലെ ഒരാളെന്ന നിലയിലും സുധാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ദര്‍ബാര്‍ എന്ന ചിത്രത്തിന് വേണ്ടി കപ്പേളയുടെ സെറ്റില്‍ നിന്നും ഇദ്ദേഹം പോവുകയായിരുന്നു.
എന്നാല്‍ ഒരു മാസം ചിത്രത്തിന്റെ ഡയറക്ഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുകയും സ്‌ക്രിപ്റ്റ് ചര്‍ച്ചയില്‍ കൂടെയിരിക്കുകയും ചെയ്തു എന്ന കാരണത്താല്‍ നിര്‍മ്മാതാവും സംവിധായകനും സഹ എഴുത്തുകാരന്‍ സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ഈ പേര് ചൂണ്ടിക്കാട്ടിയാണ് സുധാസ് പിന്നീട് കോടതിയെ സമീപിച്ചത്.
കഥയുടെ ആശയം നല്‍കിയ വാഹിദും, തിരക്കഥാകൃത്തും സംവിധായകനുമായ മുഹമ്മദ് മുസ്തഫയും നിര്‍മ്മാതാവ് വിഷ്ണു വേണുവും ചേര്‍ന്നാണ് കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചത്.
അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ രീതിയിലുള്ള പ്രശംസ നേടിയിരുന്നു. തിയേറ്ററുകളിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. പിന്നീടാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസിനെത്തുന്നത്.
കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിച്ചത്. നിരവധി പുസ്‌കാരങ്ങള്‍ക്ക് ചിത്രം അര്‍ഹമായിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്നും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മുഹമ്മദ് മുസ്തഫയും ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kappela Movie Remake ban Highcourt