കപ്പ ചെറുപയര്‍ പുഴുക്ക്
Daily News
കപ്പ ചെറുപയര്‍ പുഴുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2015, 3:03 pm

Kappa-puzhukku-2കേരളീയമായ ഭക്ഷണമാണ് കപ്പ പുഴുക്ക്. പ്രാതലിന് ഇഡ്‌ലിയും ദോശയും അപ്പവുമൊക്കെ സാധാരണമാകുന്നതിന് മുമ്പ് വീട്ടുവളപ്പില്‍ എളുപ്പത്തില്‍ നട്ടുവളര്‍ത്താവുന്ന കപ്പക്കിഴക്ക് തന്നെയായിരുന്നു മലയാളി കുടുംബങ്ങളുടെ പ്രാതലും അത്താഴവുമൊക്കെ. ഇന്നും മലയോര മേഖലകളില്‍ പലയിടത്തും കപ്പ ഒരു സ്ഥിരം ആഹാരമാണ്. വിവിധ ചേരുവകള്‍ ചേര്‍ത്ത് കപ്പപുഴുക്ക് ഉണ്ടാക്കാവുന്നതാണ്. കപ്പംമാത്രമിട്ട് പുഴുങ്ങിയും, കടല, ചെറുപയര്‍, എന്തിന് മത്സ്യവും മാംസവും എല്ലാം ചേര്‍ത്ത് ഈ കപ്പപ്പുഴുക്ക് വിവിധ പേരുകളില്‍ ഉണ്ടാക്കാറുണ്ട്. ഇവിടെ പരിചയപ്പെടുത്തുന്നത് കപ്പയും ചെറുപയറും പ്രധാന ചേരുവകളായുള്ള കപ്പ ചെറുപയര്‍ പുഴുക്കാണ്.

ചേരുവകള്‍

കപ്പ- 500 ഗ്രാം
ചെറുപയര്‍- ഒരു കപ്പ്
പച്ചക്കായ- ഒരെണ്ണം
തേങ്ങ: ഒരു പകുതി
ചെറിയ ഉള്ളി- 5 എണ്ണം
പച്ചമുളക്- 3 എണ്ണം
ജീരകം- അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
വറ്റല്‍മുളക്- മൂന്നെണ്ണം
വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

1. കപ്പ വൃത്തിയാക്കി കഷ്ണങ്ങളാക്കിയതിന് ശേഷം ആവശ്യത്തിന് വെള്ളമെടുത്ത് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കപ്പ നന്നായി വേവിക്കുക.

2. മറ്റൊരു പാത്രത്തില്‍ പച്ചക്കായ, ചെറുപയര്‍, മഞ്ഞള്‍പ്പൊടി, ഉപ്പ് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക.

3. തേങ്ങ, ജീരകം, പച്ചമുളക്, ചെറിയ ഉള്ളി, എന്നിവ കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് നന്നായി അരക്കുക.

4. വേവിച്ച കപ്പയില്‍ നിന്നും വെള്ളം ഒഴിവാക്കിയതിന് ശേഷം, അതിലേക്ക് വേവിച്ച് വെച്ച കപ്പയും പച്ചക്കായും ചേര്‍ത്ത് നന്നായി ഉടയ്ക്കുക

5. അരച്ച തേങ്ങ, കറിവേപ്പില എന്നിവ ചേര്‍ത്ത് അല്‍പ്പ നേരം കൂടി വേവിക്കുക.

6. വെളിച്ചെണ്ണ ചൂടാക്കി, കടുക്, വറ്റല്‍ മുളക് എന്നിവ താളിച്ച് അത് പുഴുക്കിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക

കപ്പ ചെറുപയര്‍ പുഴുക്ക് തയ്യാര്‍