| Tuesday, 23rd May 2023, 12:51 pm

വര്‍ഗീയത കൊണ്ടുള്ള രാഷ്ട്രീയ ലാഭ വിഹിതം താല്‍ക്കാലികം; മുറിവുകള്‍ ശാശ്വതം; മണിപ്പൂര്‍ കലാപത്തില്‍ കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊറോണ വൈറസ് മനുഷ്യ ശരീരത്തെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും എന്നാല്‍ വര്‍ഗീയ വൈറസ് രാഷ്ട്രീയത്തെ മുഴുവന്‍ ബാധിക്കുന്നതെന്നും രാജ്യസഭാ എം.പി കപില്‍ സിബല്‍. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വീണ്ടും കലാപം നടന്ന പശ്ചാത്തലത്തിലായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.

വര്‍ഗീയത കൊണ്ടുള്ള രാഷ്ട്രീയ ലാഭവിഹിതം താല്‍ക്കാലികം മാത്രമാണെങ്കിലും അതിന്റെ മുറിവുകള്‍ ശാശ്വതമായിരിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

‘മണിപ്പൂര്‍ വീണ്ടും കത്തുകയാണ്. 70 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
‘കൊറോണ വൈറസ്’ മനുഷ്യ ശരീരത്തെ മാത്രമേ ബാധിക്കുകയുള്ളൂ. ‘വര്‍ഗീയ വൈറസ്’ രാഷ്ട്രീയത്തെ മുഴുവനുമാണ് ബാധിക്കുന്നത്.

ഇത് പടരുകയാണെങ്കില്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഭീകരമായിരിക്കും. വര്‍ഗീയ കലാപത്തില്‍ ഉണ്ടാകുന്ന രാഷ്ട്രീയ ലാഭ വിഹിതം താല്‍ക്കാലികമായിരിക്കും. എന്നാല്‍ മുറിവുകള്‍ ശാശ്വതമായിരിക്കും,’ അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തലസ്ഥാനമായ ഇംഫാലില്‍ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഇംഫാലിലെ ചെക്കോണ്‍ പ്രദേശത്ത് മെയ്തി സമുദായവും കുകി സമുദായവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

പ്രാദേശിക മാര്‍ക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ടിടങ്ങളിലായിട്ടായിരുന്നു സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ഇംഫാലില്‍ വെള്ളിയാഴ്ച വരെ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഫാലിലെ ഈസ്റ്റ് ജില്ലയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് ആയുധദാരികളായ രണ്ട് പേര്‍ കട അടപ്പിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നും സംഭവത്തില്‍ രണ്ട് വീടുകള്‍ കത്തിച്ചുവെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഒരു മാസത്തിലേറെയായി മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. മെയ്തി സമുദായം ഗോത്രവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെ കുകി വിഭാഗം മാര്‍ച്ച് മൂന്നിന് പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

CONTENT HIGHLIGHT: KAPIL SUBAL ABOUT MANIPUR

We use cookies to give you the best possible experience. Learn more