ന്യൂദല്‍ഹി: തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍. കൊല്ലപ്പെട്ട സൈനികരെ ഉപയോഗിച്ച് ബി.ജെ.പി വോട്ട് ചോദിക്കുമ്പോള്‍ കമ്മീഷന്‍ എന്ത് ചെയ്തു, ഉറങ്ങുകയായിരുന്നോ എന്നാണ് സിബല്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ പറഞ്ഞത്.
തെരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചയിലാണ് കപില്‍ സിബലിന്റെ വിമര്‍ശനം. പരാമര്‍ശത്തെ സഭാ അധ്യക്ഷനും ബി.ജെ.പി അംഗങ്ങളും എതിര്‍ത്തതോടെ സഭാ നടപടികള്‍ കുറച്ചു സമയം ബഹളത്തില്‍ മുങ്ങി.
രാജ്യത്ത് തെരെഞ്ഞെടുപ്പ് രംഗത്ത് പരിഷ്‌കരങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള ഹ്രസ്വ ചര്‍ച്ചക്ക് ഉച്ചക്ക് ശേഷമാണ് രാജ്യസഭയില്‍ തുടക്കമായത്. തെരെഞ്ഞെടുപ്പ് കമ്മീഷനെ ചര്‍ച്ചയില്‍ അനാവശ്യമായി പരാമര്‍ശിക്കരുതെന്ന് അധ്യക്ഷന്‍ വെങ്കയ്യാ നായിഡു തുടക്കത്തിലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ കമ്മീഷനെ പറയാതെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് കബില്‍ സിബല്‍ പറഞ്ഞു. സൈനികരെകുറിച്ചുള്ള പരാമര്‍ശത്തെ സഭാ അധ്യക്ഷന്‍ തന്നെ തടഞ്ഞു. ഒപ്പം കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങളും ബഹളം വച്ചു.
തെരെഞ്ഞെടുപ്പ് കാലത്തെ പണമൊഴുക്ക് തടയാന്‍ ആദായ നികുതി നിയമങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
തെരഞ്ഞടുപ്പിന് ആറ് മാസം മുന്നേ തന്നെ സര്‍ക്കാര്‍ പിരിച്ചുവിട്ട് എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്വമുള്ള രാഷ്ട്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അതിന് ശേഷം തെരെഞ്ഞടുപ്പ് നടത്തണമെന്നും ആര്‍.ജെ.ഡി ആവശ്യപ്പെട്ടു.