ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പിയായിരുന്ന ആതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി രാജ്യസഭാ എം.പി കപില്‍ സിബല്‍. ആതിഖിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തില്‍ എട്ട് സംശയങ്ങള്‍ ഉയര്‍ത്തിയാണ് സിബല്‍ രംഗത്തെത്തിയത്.
മെഡിക്കല്‍ എമര്‍ജന്‍സിയൊന്നും ഇല്ലാതിരുന്നിട്ടും എന്തിനാണ് രാത്രി പത്ത് മണിക്ക് ചെക്കപ്പിനായി ആശുപത്രിയിലേക്ക് ഇരുവരെയും കൊണ്ടു പോയതെന്ന് സിബല്‍ ചോദിച്ചു. കൊലപാതകത്തിന്റെ കല എന്ന പേരില്‍ ട്വിറ്ററിലെഴുതിയ കുറിപ്പിലാണ് സിബല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഏഴ് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ആയുധങ്ങളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നതും കുറ്റവാളികള്‍ക്ക് പരസ്പരം അറിയില്ലായിരുന്നുവെന്നതും ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ കീഴടങ്ങിയതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് കപില്‍ സിബല്‍ പറയുന്നത്. മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ ആതിഖിനരികിലേക്ക് എത്താന്‍ അനുവദിച്ച പൊലീസിന്റെ നടപടിയെയും വിമര്‍ശിക്കുന്നതാണ് സിബലിന്റെ കുറിപ്പ്.
ആതിഖ് & അഷ്‌റഫ്
കൊലപാതകത്തിന്റെ കല
1. രാത്രി പത്ത് മണിക്കുള്ള മെഡിക്കല്‍ ചെക്കപ്പ് ?
2. മെഡിക്കല്‍ എമര്‍ജന്‍സി ഇല്ല
3. ഇരകളെ നടത്തിക്കൊണ്ടു പോയി
4. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അരികിലേക്ക് വരാന്‍ അവസരമൊരുക്കി ?
5. കൊലപാതകികള്‍ പരസ്പരം അറിയാത്തവര്‍ ?
6. ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന ആയുധങ്ങള്‍
7. വെടിവെക്കാന്‍ പരിശീലനം ലഭിച്ച അക്രമികള്‍!
8. കുറ്റവാളികള്‍ മൂന്ന് പേരും കീഴടങ്ങി
എന്നാണ് കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് പൊലീസ് സുരക്ഷയില്‍ പ്രയാഗ്‌രാജ് മെഡിക്കല്‍ കോളേജിലെത്തിയ ആതിഖും അഷ്‌റഫും വെടിയേറ്റ് കൊല്ലപ്പെടുന്നത്. വെടിവെപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തെമ്പാടും ഉയര്‍ന്നത്. യോഗി ഭരണത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകരുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണമുന്നയിച്ചിരുന്നു. ഉത്തര്‍ പ്രദേശ് എന്‍കൗണ്ടര്‍ പ്രദേശായി മാറുന്നെന്നായിരുന്നു ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞത്. സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
വ്യാജ ഏറ്റുമുട്ടലുകള്‍ രാജ്യത്തിന്റെ നിയമ വാഴ്ചയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടു.
ആതിഖിന്റെ കൊലപാതകത്തില്‍ യു.പിയിലെ ജനങ്ങള്‍ പരിഭ്രാന്തരാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ യോഗി പരാജയപ്പെട്ടെന്നുമായിരുന്നു സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം.
ആതിഖും അഷ്‌റഫും കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ്, ആതിഖിന്റെ മകന്‍ ആസദ് ഝാന്‍സിയില്‍ ദുരൂഹ സാഹചര്യത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
Content Highlights: Kapil sibel reacts on atiq ahammed’s killing