ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ പ്രമേയം തള്ളിയ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കപില്‍ സിബല്‍. ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് നല്‍കണമെന്നും ആരാണ് തിടുക്കത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കപില്‍ സിബല്‍ കോടതിയോട് ആരാഞ്ഞു.
എന്നാല്‍ ഇക്കാര്യം വ്യക്തമാക്കാന്‍ ബെഞ്ച് വിസമ്മതിച്ചതോടെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ അറിയിച്ചു.
ചൊവ്വാഴ്ച ഇംപീച്ച്‌മെന്റ് തള്ളിയതിനെതിരായ ഹര്‍ജി കോടതി പരിഗണിച്ച വേളയില്‍ ഹര്‍ജിയുടെ മെറിറ്റിലേക്ക് കടക്കുന്നതിനു മുമ്പ് ഇത് ഏത് ബെഞ്ച് പരിഗണിക്കണമെന്ന തീരുമാനമെടുത്തത് ആരാണെന്ന് അറിയേണ്ടതുണ്ടെന്ന് കോടതിയില്‍ സിബല്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ബെഞ്ചിനെ ചുമതലപ്പെടുത്തിയത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പിയും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് ഇല്ലെന്നും അദ്ദേഹം വാദിച്ചു. സീനിയോറിറ്റിയില്‍ ആറാം സ്ഥാനത്തുള്ള ജസ്റ്റിസ് എ.കെ സിക്രി തലവനായ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്.
സിബല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കോടതി അദ്ദേഹത്തിനോട് ഹര്‍ജിയുടെ മെറിറ്റിനെക്കുറിച്ച് വാദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതെ അദ്ദേഹം ചീഫ് ജസ്റ്റിസിനെതിരായ വിഷയം അദ്ദേഹം നിര്‍ദേശിക്കുന്ന ബെഞ്ച് പരിഗണിക്കുന്നതിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
45മിനിറ്റ് നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ ഹര്‍ജി തള്ളുന്നതായി കോടതിയും നിലപാടെടുത്തു. ഏത് കേസ് ആര് പരിഗണിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം ചീഫ് ജസ്റ്റിസിനാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ ബെഞ്ചിനെ ചുമതലപ്പെടുത്തുന്നത് കൂടുതല്‍ ആലോചനകള്‍ക്കുശേഷമാവണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ചീഫ് ജസ്റ്റിസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനായി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച നാലു ജഡ്ജിമാരെയും ഒഴിവാക്കിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ബെഞ്ച് രൂപീകരിച്ചത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ഉത്തരവ് രാത്രിവൈകിയാണ് ഹര്‍ജിയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് ലഭിച്ചത്.