ന്യൂദല്‍ഹി: ബ്രാഹ്മണര്‍ ജന്മം കൊണ്ട് തന്നെ ആദരവ് നേടുന്നവരാണെന്ന ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഈ മനസ്ഥിതിയാണ് അനീതി നിറഞ്ഞ ജാതി ഇന്ത്യയെ വളര്‍ത്തുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു.
‘ബിര്‍ളാജീ ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നത് ബ്രാഹ്മണനായത് കൊണ്ടല്ല, നിങ്ങള്‍ ഞങ്ങളുടെ ലോക്‌സഭാ സ്പീക്കറായത് കൊണ്ടാണ്’ കപില്‍ സിബല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ യോഗത്തില്‍ പങ്കെടുത്താണ് ഓംബിര്‍ള ബ്രാഹ്മണര്‍ ജന്മം കൊണ്ട് ഉയര്‍ന്നവരാണെന്ന് പറഞ്ഞത്.
‘ബ്രാഹ്മണ സമുദായം എപ്പോഴും മറ്റു സമുദായങ്ങളെ നയിക്കുന്നതില്‍ കാര്യക്ഷമത കാണിക്കാറുണ്ട്. മാത്രമല്ല ഈ രാജ്യത്തെ നയിക്കുന്നതില്‍ പ്രധാന പങ്കും അവര്‍ വഹിച്ചിട്ടുണ്ട്. സമൂഹത്തില്‍ വിദ്യാഭ്യാസവും മൂല്യങ്ങളും വര്‍ധിക്കുന്നതിന് എപ്പോഴും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇന്നും ഏതെങ്കിലുമൊരു ഗ്രാമത്തിലോ മറ്റോ ബ്രാഹ്മണര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരുടെ അര്‍പ്പണ ബോധവും സേവന മനോഭാവവും കാരണം അവര്‍ക്കായിരിക്കും എപ്പോഴും അവിടെ ഉന്നത സ്ഥാനം. അതുകൊണ്ടു തന്നെ അവര്‍ ജന്മനാല്‍ ഉയര്‍ന്ന മൂല്യമുള്ളവരാണ്.’ ഓം ബിര്‍ള പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഓം ബിര്‍ളയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഓം ബിര്‍ള സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി പറഞ്ഞിരുന്നു.
ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ആഘോഷം അപലപനീയമാണെന്ന് മാത്രമല്ല ഏറെ ഭയാനകമാണെന്നും മേവാനി പറഞ്ഞു. ഒരു ലോക്സഭാ സ്പീക്കറില്‍ നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളൊന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞിരുന്നു.
പ്രസ്താവനയില്‍ ബിര്‍ളക്കെതിരെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പരാതി നല്‍കുമെന്നും പി.യു.സി.എല്‍ നേതാവ് കവിത ശ്രീവാസ്തവ പ്രതികരിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഒരു സമുദായത്തിന്റെ ഉന്നതിയെ ഉയര്‍ത്തിക്കാണിക്കുന്നതും, ഒരു സമുദായം മറ്റൊരു സമുദായത്തേക്കാള്‍ മുകളിലാണെന്ന് എന്നു പറയുന്നതും ഭരണഘടനയുടെ 14ാം വകുപ്പിനെതിരാണ്. ഇത് ഒരു തരത്തില്‍ മറ്റു ജാതികളേയും ജാതിവാദത്തെയും താഴ്ത്തിക്കെട്ടുന്നതാണ്.’ ശ്രീവാസ്തവ പറഞ്ഞു.