ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നതോ ബി.ജെ.പിയുടെ സനാതനധര്‍മം? നിങ്ങള്‍ക്കുള്ള ഒരു സനാതന ഗുണമെങ്കിലും പറഞ്ഞുതരൂ: കപില്‍ സിബല്‍
ന്യൂദല്‍ഹി; സനാതന ധര്‍മ വിവാദത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ബി.ജെ.പിയെ സനാതനികളെന്ന് വിളിക്കാനുള്ള ഒരു ഗുണമെങ്കിലും പറഞ്ഞുതരാന്‍ ആവശ്യപ്പെട്ട കപില്‍ സിബല്‍ രാമക്ഷേത്രം പണിഞ്ഞതുകൊണ്ട് ആരും രാമഭക്തരോ സനാതനിയോ ആകുന്നില്ലെന്നും പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തിലും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അധിക്ഷേപിച്ച ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റൈ വിഷയത്തിലും സ്വീകരിച്ച നിലപാടുകള്‍ നോക്കിക്കഴിഞ്ഞാല്‍ ബി.ജെ.പിയുടെ സനാത ധര്‍മത്തിന്റെ ആത്മാര്‍ത്ഥ മനസിലാകുമെന്നും കപില്‍ സിബല്‍ പറഞ്ഞു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
‘അവര്‍ (ബി.ജെ.പി) യഥാര്‍ത്ഥത്തില്‍ സനാതന സംരക്ഷകരാണോ? സനാതന ധര്‍മത്തിന്റെ അടിസ്ഥാന ആശയമെന്നത് ആരെയും ദ്രോഹിക്കാതിരിക്കുക, വിശുദ്ധിയും ക്ഷമയും ഉണ്ടായിരിക്കുക, മറ്റുള്ളവരെ സഹായിക്കുക തുടങ്ങിയവയാണ്. എന്നാല്‍ ഇതിന് നേരെ വിപരീതം മാത്രം പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്ക് എങ്ങനെയാണ് സനാതന ധര്‍മത്തെ സംരക്ഷിക്കാന്‍ സാധിക്കുക?
ഗുസ്തി താരങ്ങളെ ലൈംഗികമായി അധിക്ഷേപിച്ച വ്യക്തിയെ സംരക്ഷിക്കുന്നത് സനാതന ധര്‍മത്തിന് യോജിച്ചതാണോ? മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ ഒരക്ഷരം പോലും സംസാരിക്കാതെ നിശബ്ദത പാലിച്ചത് സനാതന ധര്‍മത്തിന് യോജിച്ചതാണോ?
രാമക്ഷേത്രം നിര്‍മിച്ചാല്‍ നിങ്ങള്‍ സനാതനിയോ രാമഭക്തനോ ആകുമോ? രാമക്ഷേത്രം നിര്‍മിക്കുന്നത് വിശ്വാസം കൊണ്ടല്ല, അത് രാഷ്ട്രീയമാണ്. ഒരു സനാതന ധര്‍മ വിശ്വാസിക്കുണ്ടായിരിക്കേണ്ട എന്ത് ഗുണമാണ് നിങ്ങള്‍ക്കുള്ളതെന്ന് ജനങ്ങളോട് പറയാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു,’ കപില്‍ സിബല്‍ പറഞ്ഞു.
തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മം തുടച്ചുനീക്കണമെന്ന പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പി വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ്. ഇതിനിടെയാണ് കബില്‍ സിബല്‍ ബി.ജെ.പിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
സനാതന ധര്‍മം പകര്‍ച്ചവ്യാധികളെ പോലെ ഉന്‍മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. പരമാര്‍ശത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ബി.ജെ.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ട്ടുണ്ട്. എന്നാല്‍ ഉദയനിധി സ്റ്റാലിന്‍ അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്.
ഹിന്ദു സംസ്‌കാരം തുടച്ചുനീക്കണമെന്ന ഇന്ത്യ സഖ്യത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ പരാമര്‍ശമെന്നാണ് മോദിയടക്കമുള്ള ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.
Content highlight: Kapil Sibal slams BJP