| Sunday, 19th July 2020, 9:40 am

ഇനിയും സഹിക്കാന്‍ വയ്യ; കൂറുമാറുന്നവരെ അഞ്ച് വര്‍ഷത്തേക്ക് വിലക്കണമെന്ന് കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൂറുമാറിയാല്‍ തക്കതായ ശിക്ഷ നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അഞ്ച് വര്‍ഷത്തേക്ക് ഇത്തരക്കാരെ വിലക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ഒരു വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും സംഘവും ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് പിന്നാലെയാണ് അഭിഭാഷകന്‍ കൂടിയായ കപില്‍ സിബലിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

‘ഒരു നിയമത്തിനും കൂറുമാറ്റം തടയാനാവില്ല. കൂറുമാറുന്നവരെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും അടുത്ത തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കുകയുമാണ് വേണ്ടത്. ഈ രണ്ട് കാര്യങ്ങള്‍ കൊണ്ടേ ഇനി മാറ്റം സംഭവിക്കൂ’, സിബല്‍ പറഞ്ഞു.

അതേസമയം രാജസ്ഥാനില്‍ രാഷ്ട്രീയപ്രതിസന്ധി തുടരവേ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജ്ഭവനിലെത്തി പിന്തുണ തെളിയിച്ചു. തനിക്ക് 102 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗെലോട്ട് പറഞ്ഞു.

200 സീറ്റുള്ള രാജസ്ഥാനില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ സച്ചിന്‍ പൈലറ്റും സംഘവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെ സര്‍ക്കാരിന് ഭീഷണിയായിരുന്നു.

18 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്.

അതേസമയം സംസ്ഥാനത്തെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. രണ്ട് ബി.ടി.പി എം.എല്‍.എമാരും സര്‍ക്കാര്‍ അനുകൂല നിലപാടുമായി രംഗത്തെത്തി.

ബി.ജെ.പിക്ക് 72 സീറ്റാണ് രാജസ്ഥാന്‍ നിയമസഭയില്‍ ഉള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more