ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്ന കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് കബില്‍ സിബല്‍
Chief Justice impeachment
ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്ന കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് കബില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd April 2018, 8:26 am

ന്യൂദല്‍ഹി: ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്ന കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍. “ഇന്ന് മുതല്‍ ദീപക് മിശ്ര വിരമിക്കുന്നത് വരെ ഞാന്‍ കോടതിയില്‍ ഹാജരാവില്ല. അതെന്റെ ജോലിയുടെ അന്തസിന് ചേര്‍ന്നതല്ല”- എന്നാണ് കബില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

“ചീഫ് ജസ്റ്റിസ് തുടരുകയാണെങ്കില്‍ പോലും ഒരു അന്വേഷണം പ്രഖ്യാപിച്ചാല്‍, നിലവാരം കാണിക്കുന്നുണ്ടെന്ന് നമുക്ക് കരുതാം”, അദ്ദേഹം പറഞ്ഞു.


Read| കോട്ടയത്ത് മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു; ഒന്നാം നിലയിലെ കടകള്‍ പൂര്‍ണ്ണമായി കത്തിയെരിഞ്ഞു


തീര്‍ക്കാന്‍ കേസുകള്‍ ഒരുപാടുള്ളതിനാലാണ് ചിദംബരം നോട്ടീസില്‍ ഒപ്പിടാതിരുന്നതെന്നും ചിദംബരത്തോട് ഒപ്പിടാന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടില്ലെന്നും കബില്‍ സിബല്‍ പറഞ്ഞു.

രാജ്യസഭാ ചെയര്‍മാന്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളുമോ എന്ന് ചോദ്യത്തിന് അവര്‍ക്ക് അതിനുള്ള അധികാരമില്ലെന്നാണ് സിബല്‍ മറുപടി പറഞ്ഞത്. ജഡ്ജിമാര്‍ ചേര്‍ന്ന കമ്മിറ്റിക്കാണ് തീരുമാനമെടുക്കാനുള്ള അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

“അദ്ദേഹത്തിന് (നായിഡുവിന്) ഇതില്‍ അധികാരമില്ല. പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ അയാള്‍ക്കാവില്ല. അദ്ദേഹത്തിന് അതിന്റെ നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ മാത്രമേ അധികാരമുള്ളൂ. ആവശ്യമായത്രയും അംഗങ്ങളുടെ ഒപ്പുണ്ടെങ്കില്‍ അദ്ദേഹം വിഷയം ജഡ്ജിമാരടങ്ങിയ കമ്മിറ്റിക്ക് വിടണം. അദ്ദഹത്തിനത് തള്ളാന്‍ അധികാരമില്ല.” – സിബല്‍ പറഞ്ഞു.


Read | ‘ലിഗ നീയും നിന്റെ പ്രിയപ്പെട്ടവരും സ്വന്തം നാട്ടിലേക്ക് പോകു… കേരളത്തില്‍ നിങ്ങള്‍ക്ക് നീതി കിട്ടില്ല’; ലിഗയുടെ മരണത്തില്‍ പൊലീസിനെ ആക്ഷേപിച്ച് ഹണിറോസ്


കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റ് നോട്ടിസ് നല്‍കിയത്.
ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്മെന്റ നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.