ബം​ഗാളിലെയും ​ഗുജറാത്തിലെയും അക്രമങ്ങള്‍ ട്രെയിലർ മാത്രം; 2024ൽ ബി.ജെ.പിക്ക് മുൻപിൽ വേറെയും പദ്ധതികൾ: കപിൽ സിബൽ
national news
ബം​ഗാളിലെയും ​ഗുജറാത്തിലെയും അക്രമങ്ങള്‍ ട്രെയിലർ മാത്രം; 2024ൽ ബി.ജെ.പിക്ക് മുൻപിൽ വേറെയും പദ്ധതികൾ: കപിൽ സിബൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2023, 2:08 pm

ന്യൂദൽഹി: 2024 തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് ബി.ജെ.പിക്ക് ഉപയോ​ഗിക്കാൻ വർ​ഗീയ കലാപവും വിദ്വേഷ പ്രസം​ഗങ്ങളുമുൾപ്പെടെയുള്ള ഓപ്ഷനുകൾ ഉണ്ടെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ. പശ്ചിമ ബം​ഗാളിലും ​ഗുജറാത്തിലും അടുത്തിടെ നടന്ന സംഭവങ്ങൾ ഇതിന്റെ ട്രെയിലർ ആണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

യു.പി.എ 1, 2 ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന സിബൽ കഴിഞ്ഞ വർഷം മേയിലാണ് കോൺഗ്രസ് വിട്ട് സമാജ്‌വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്ര അംഗമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അനീതിക്കെതിരെ പോരാടണമെന്ന ഉദ്ദേശത്തോടെ അടുത്തിടെ ഇൻസാഫ് എന്ന പുതിയ സംവിധാനത്തിനും അദ്ദേഹം തുടക്കമിട്ടിരുന്നു.

രാജ്യത്തെ മുന്നോട്ട് നയിക്കാൻ പുതിയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയേ മതിയാകൂയെന്നും അത് മാത്രമാണ് തന്റെ പുതിയ സംരംഭമായ ഇൻസാഫ് കൊണ്ടു ഉദ്ദേശിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞിരുന്നു.

“2014 മുതൽ രാജ്യത്ത് നിലനിൽക്കുന്ന അനീതിക്കെതിരെ പോരാടുക എന്നതാണ് ഇൻസാഫിന്റെ മുഖ്യ അജണ്ട. ‘അച്ചേ ദിൻ ആയെങ്കെ’ എന്ന് പറഞ്ഞ ശേഷം അതിനെ കുറിച്ച് മറന്നുപോകുന്നത് പോലെയോ, ‘അമൃത് കാൽ ആയേഗാ’ എന്ന് പറഞ്ഞ് അത് വരുമോ എന്ന് പോലും ആർക്കും ഉറപ്പില്ലാതിരിക്കുകയും ചെയ്യുന്ന പോലെയുള്ള കാര്യമല്ല ഇൻസാഫ് ഉദ്ദേശിക്കുന്നത്. സമൂഹത്തിൽ ദൃശ്യമായ മാറ്റങ്ങൾ കൊണ്ടുവരാനാണ്, അനീതിക്കെതിരെ പോരാടാനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബംഗാളിലെ ഹൗറയിൽ രാമനവമി ശോഭായാത്രക്കിടെ വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. റാലിക്കിടെ കല്ലേറുണ്ടായെന്ന് ആരോപിച്ച് സംഘപരിവാർ പ്രവർത്തകർ സ്ഥലത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രകോപിതരായ ജനക്കൂട്ടം വാഹനങ്ങൾക്ക് തീവെക്കുകയും മസ്ജിദുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസെത്തി കലാപകാരികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഹൗറയിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

രാമനവമിയുടെ ഭാഗമായി സംഘടിപ്പിച്ച ശോഭാ റാലിക്കിടെ ‌ഗുജറാത്തിലും മഹാരാഷ്ട്രയിലും ദൽഹിയിലും വലിയ തോതിലുള്ള അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ വഡോദരയിലും മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലും ശോഭായാത്രക്കിടെ അക്രമസംഭവങ്ങൾ അരങ്ങേറി.

ഗുജറാത്തിൽ റാലിക്കെതിരെ കല്ലേറുണ്ടായെന്നാരോപിച്ചാണ് വി.എച്.പി പ്രവർത്തകർ അക്രമമഴിച്ചുവിട്ടത്. പഞ്ച്‌റിഗറിലുള്ള മസ്ജിദിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ ദൽഹിയിൽ പൊലീസിന്റെ നിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിനാളുകൾ ശോഭായാത്രയിൽ പങ്കെടുത്തു. അഖില ഭാരതീയ ഹിന്ദു യുവ മോർച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സൂചകമായി റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം നടന്ന റാലിക്കിടെ പ്രദേശത്തുണ്ടായ വലിയ രീതിയിലുള്ള അക്രമ സംഭവങ്ങൾ മുൻനിർത്തിയാണ് ദൽഹി പൊലീസ് ഇത്തവണ റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്.

Content Highlight: Kapil Sibal says there are more on the table of BJP before 2024 elections