| Tuesday, 7th March 2023, 10:35 am

ഇടുന്ന വസ്ത്രത്തിന്റെ പേരിൽ പോലും ജനങ്ങളെ വേർതിരിച്ചു കാണുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്; ഭയപ്പെടുത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം : കപിൽ സിബൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാജ്യത്ത് ജനങ്ങൾക്കും, പ്രതിപക്ഷ പാർട്ടികൾക്കും, മാധ്യമപ്രവർത്തകർക്കും, പ്രതിപക്ഷ സർക്കാരുകൾക്കും എതിരായ ആക്രമണങ്ങൾ ഉയരുകയാണെന്ന് രാജ്യസഭാ എം. പി കപിൽ സിബൽ. ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കേസില്ല. പകരം കേന്ദ്ര സർക്കാരിനോ ബി.ജെ.പിക്കോ എതിരെ ന്യായമായ വിമർശനങ്ങൾ ഉന്നയിരിക്കുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്.

പ്രതിപക്ഷ സർക്കാരുകളെയും, പാർട്ടികളെയും, ജനങ്ങളെയും, അങ്ങനെ തങ്ങളെ എതിർക്കുന്ന എല്ലാവരെയും ഭയപ്പെടുത്തുക എന്നതാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മുന്നോട്ട് വെക്കുന്ന ഇൻസാഫ് എന്ന പുതിയ സംരംഭം ഇത്തരം അനീതികളോടുള്ള ചെറുത്തുനിൽപ്പാണെന്നും കപിൽ സിബൽ പറഞ്ഞു.

ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“രാഷ്ട്രീയമായും, സാമ്പത്തികമായും, സാമൂഹികമായും തങ്ങളെ എതിർക്കുന്നവരെ വേട്ടയാടുക എന്നതാണ് ഭരണകക്ഷിയുടെ ഉദ്ദേശം. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് യഥാർത്ഥത്തിൽ അവർ ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കുക എന്നതിലുപരി പ്രതിപക്ഷ സർക്കാരുകളെ നിലതെറ്റിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എതിർക്കുന്നവരുടെ മനസിലേക്ക് ഭയം കുത്തിനിറയ്ക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഇനി എതിർക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾ നിങ്ങൾക്ക് നേരെയും തിരിയും എന്ന ഓർമപ്പെടുത്തൽ കൂടിയാണിത്. രാജ്യത്ത് നടന്ന 95 ശതമാനം ഇ. ഡി പരിശോധനകളും പ്രതിപക്ഷത്തിന് നേരെയാണ്. ബി.ജെ.പി മഞ്ഞുപോലെ വെളുത്തതൊന്നും അല്ലല്ലോ. ഇത് രാഷ്ട്രീയ അനീതിയാണ്.

ശാരീരിക അക്രമണങ്ങൾക്ക് പുറമെ സാധാരണക്കാരായ ജനങ്ങളെ വാക്കുകൾ കൊണ്ടും, വിദ്വേഷ പ്രചാരണങ്ങൾ കൊണ്ടും ഈ സർക്കാരും അവരുടെ പാർട്ടിയും വേട്ടയാടുകയാണ്. പിടിക്കപ്പെടില്ലെന്നും, ശിക്ഷയനുഭവിക്കേണ്ടി വരില്ലെന്നും ഉറപ്പുള്ളതിന്റെ ബലത്തിൽ തന്നെയാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ ബി.ജെ.പിയും ബജ്റംഗ് ദളും ഒക്കെ പടച്ചുവിടുന്നത്.

അതിനി അവർ വിചാരണ നേരിടേണ്ട കുറ്റം ചെയ്താലും അവർക്കെതിരെ ആരും കേസെടുക്കില്ലെന്ന് ഈ വിദ്വേഷ പ്രചാരകർക്ക് അറിയാം. എന്നാൽ, കേന്ദ്ര സർക്കാരിനെതിരെ ആരെങ്കിലും ന്യായമായ വിമർശനം ഉന്നയിച്ചാൽ, പിന്നീട് അവനു പിന്നാലെ വരുന്നത് ഇ. ഡിയും മറ്റു കേസുകളും ആയിരിക്കും. ഇതിൽ അധ്യാപകരും, വിദ്യാർത്ഥികളും, പ്രതിപക്ഷവും, മാധ്യമപ്രവർത്തരും എല്ലാം ഉൾപ്പെടുന്നുണ്ട്. ഇത് സാമൂഹിക അനീതിയാണ്.

ഇടുന്ന വസ്ത്രത്തിന്റെ പേരിൽ പോലും ജനങ്ങളെ വേർതിരിച്ചു കാണുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്,’ കപിൽ സിബൽ പറയുന്നു.

രാജ്യത്ത് 350 ദശലക്ഷം ആളുകൾ ദാരിദ്യം അനുഭവിക്കുന്നുണ്ടെന്നും 2018 ന് മുൻപ് ഇത് 180 ദശലക്ഷം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ക്രമാതീതമായി മാറിയിട്ടുണ്ട്. ഈ രാജ്യം ഇതെങ്ങോട്ടാണ് പോകുന്നത്? 80 കോടി ജനങ്ങൾ ഇപ്പോഴും പ്രതിമാസം 5000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരാണ്. അവരുടെ ഇടയിലേക്കാണ് സർക്കാർ വിലക്കയറ്റവും, തൊഴിലില്ലായ്മയും എല്ലാം കൊണ്ടുവെക്കുന്നത്. ജനങ്ങൾ എങ്ങനെ ജീവിക്കും? ഇവർ എന്തുചെയ്യണം?,” അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുന്നോട്ട് നയിക്കാൻ പുതിയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയെ മതിയാകൂയെന്നും അത് മാത്രമാണ് തന്റെ പുതിയ സംരംഭമായ ഇൻസാഫ് കൊണ്ടു ഉദ്ദേശിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു.

“2014 മുതൽ രാജ്യത്ത് നിലനിൽക്കുന്ന അനീതിക്കെതിരെ പോരാടുക എന്നതാണ് ഇൻസാഫിന്റെ മുഖ്യ അജണ്ട. ‘അച്ചേ ദിൻ ആയെങ്കെ’ എന്ന് പറഞ്ഞ ശേഷം അതിനെ കുറിച്ച് മറന്നുപോകുന്നത് പോലെയോ, ‘അമൃത് കാൽ ആയേഗാ’ എന്ന് പറഞ്ഞ് അത് വരുമോ എന്ന് പോലും ആർക്കും ഉറപ്പില്ലാതിരിക്കുകയും ചെയ്യുന്ന പോലെയുള്ള കാര്യമല്ല ഇൻസാഫ് ഉദ്ദേശിക്കുന്നത്. സമൂഹത്തിൽ ദൃശ്യമായ മാറ്റങ്ങൾ കൊണ്ടുവരാനാണ്, അനീതിക്കെതിരെ പോരാടാനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ അജണ്ട മറ്റു പാർട്ടികളിലേക്ക് അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പാർട്ടികൾ ഇൻസാഫിന്റെ അജണ്ട പൂർണമായി പിന്തുണക്കണമെന്നില്ല. അതിന് നിർബന്ധിക്കില്ല. എല്ലാവരെയും ഒന്നിച്ചുച്ചേർക്കേണ്ട അജണ്ട അനീതിക്കെതിരെ പോരാടുക എന്നതായിരിക്കണം.

പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്‌ തന്നെ മുന്നിട്ട് വരേണ്ടതില്ലെന്നും, ഐക്യത്തിന് ആര് മുൻകൈ എടുക്കുന്നു എന്നതല്ല മറിച്ച് പോരാടുന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും അജണ്ട രാജ്യത്തെ നശിപ്പിച്ച ദുഷ്ടശക്തികളെ തുടച്ചുനീക്കുക എന്നത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇൻസാഫ് രാഷ്ട്രീയ പാർട്ടിയാകില്ലെന്നും കപിൽ സിബൽ വ്യക്തമാക്കി

Content Highlight: Kapil Sibal says ruling party is silencing the opposition

Latest Stories

We use cookies to give you the best possible experience. Learn more