ന്യൂദല്‍ഹി: പൊലീസിനേയും അന്വേഷണ ഏജന്‍സികളേയും ഭയന്നാണ് ഇന്ത്യയിലെ ജനങ്ങള്‍ ജീവിക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. മതത്തെ അങ്ങേയറ്റം രൂക്ഷമായ രീതിയില്‍ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണെന്നും കപില്‍ സിബല്‍ പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതത്തെ ആയുധമാക്കി ഉപയോഗിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കപില്‍ സിബല്‍ എഴുതിയ ‘റിഫ്‌ളക്ഷന്‍സ്: ഇന്‍ റൈം ആന്‍ഡ് റിഥം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് ലോകമെമ്പാടും നടക്കുന്നുണ്ട്. ഇന്നലെ ലെസ്റ്ററില്‍ നടന്നത് തികഞ്ഞ അസഹിഷ്ണുതയാണ്. അവിടെ എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്ന് ഇന്ത്യയിലെ യഥാര്‍ത്ഥ പ്രശ്‌നം വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ ഏതെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരായിരിക്കും. ഇതില്‍ പൊലീസ് ഒന്നും ചെയ്യാന്‍ തയ്യാറല്ല,’ കപില്‍ സിബല്‍ പറയുന്നു.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും അതുതന്നെയാണ് അവരെ വീണ്ടും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ ധൈര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജനങ്ങളെല്ലാം മാനസികമായി തളര്‍ന്നുപോകുകയാണ്. അവര്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. അവര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത്? അവര്‍ ഭയപ്പെടുകയാണ്. ഞങ്ങള്‍ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത്. ഞങ്ങള്‍ ഇ.ഡിയെ ഭയപ്പെടുന്നു. ഞങ്ങള്‍ സി.ബി.ഐയെ ഭയപ്പെടുന്നു. ഞങ്ങള്‍ ഭരണകൂടത്തെ ഭയപ്പെടുന്നു. ഞങ്ങള്‍ പൊലീസുകാരെ ഭയപ്പെടുന്നു, ഞങ്ങള്‍ എല്ലാത്തിനും ഭയപ്പെടുന്നു. ഞങ്ങള്‍ക്ക് ഇനി ആരിലും വിശ്വാസമില്ല,’ കപില്‍ സിബല്‍ പറയുന്നു.
ജുഡീഷ്യറിയെയും അദ്ദേഹം വിമര്‍ശിച്ചു. അഭിഭാഷകര്‍ക്ക് പണം നല്‍കാന്‍ കഴിയാത്തതിനാല്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് കോടതിയില്‍ വരാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രണ്ട് കോര്‍പ്പറേറ്റ് ലോകം തമ്മിലുള്ള പോരാട്ടമാണ് ഇത് കോടതിയില്‍ നടക്കുന്നത, ആമസോണ്‍ v/s റിലയന്‍സ്, പാവപ്പെട്ട മനുഷ്യന് കോടതിയില്‍ വരാന്‍ കഴിയില്ല, അഭിഭാഷകര്‍ക്ക് കൊടുക്കാന്‍ അവന്റെ കൈയില്‍ പണമില്ല,’ അദ്ദേഹം പറഞ്ഞു.
നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്താണ് ന്യായം? നിങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് നിങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമുണ്ടെങ്കില്‍ അത് ന്യായമാണ്. ആ ആത്മവിശ്വാസം കുറയുകയാണെന്ന്. ഞങ്ങള്‍ക്ക് നീതി ലഭിക്കുമോ എന്നാണ് എന്നോട് ഇടപിഴകുന്ന മനുഷ്യര്‍ ചോദിക്കുന്നത്. എനിക്ക് അവര്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയില്ല. സഹായിക്കാന്‍ ഒരു മാര്‍ഗവുമില്ല. കാരണം രാജ്യത്തെ നിയമ സംവിധാനം അവരെ സഹായിക്കുന്നില്ല,’ സിബല്‍ പറഞ്ഞു.
പുസ്തക പ്രകാശന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Content Highlight: Kapil sibal says people are living in fear everyday