| Saturday, 30th January 2021, 6:25 pm

'എന്തൊക്കെയോ കളികള്‍ നടക്കുന്നുണ്ട്'; ചെങ്കോട്ടയിലേക്ക് കയറിയവരെ ആരും തടയാതിരുന്നത് എന്തുകൊണ്ടെന്ന് കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ നടന്ന അക്രമ സംഭവങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ആര്‍ക്കും പ്രവേശനമില്ലാത്ത ചെങ്കോട്ടയില്‍ കയറി കൊടി പറത്താന്‍ എങ്ങനെ ഇവര്‍ക്കായെന്നും കബില്‍ സിബല്‍ ചോദിച്ചു.

‘ആര്‍ക്കും കൃത്യമായ അനുവാദമില്ലാതെ ചെങ്കോട്ടയില്‍ പ്രവേശിക്കാന്‍ പോലും സാധിക്കില്ല. പക്ഷെ അവര്‍ നേരെ പോയി കൊടി ഉയര്‍ത്തി. അവരെ ആരും തടഞ്ഞില്ലെന്ന് അവരും പറയുന്നു. കര്‍ഷകരുടെ സമരത്തെ വഴിതിരിച്ച് വിടാന്‍ നിരവധി ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്,’ കപില്‍ സിബല്‍ പറഞ്ഞു.

ചെങ്കോട്ടക്കകത്ത് കയറാന്‍ ആഭ്യന്തര വകുപ്പ് അനുവാദം നല്‍കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഢാലോചനയുണ്ടെന്ന് കപില്‍ സിബലും പറയുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നതിലപ്പുറം ഒരു പോം വഴിയും മോദി സര്‍ക്കാരിന് മുന്‍പിലില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

നിലിവല്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സിംഗു, ഖാസിപൂര്‍, തിക്രി എന്നീ അതിര്‍ത്തികളില്‍ ജനുവരി 31 വരെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഈ അതിര്‍ത്തികളിലേക്കുള്ള റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഖാസിപൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഒഴിപ്പിക്കുന്നതിനായി യു. പി പൊലീസും കന്ദ്ര സേനയും എത്തിയെങ്കിലും പ്രശ്‌നം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കര്‍ഷകര്‍ സംഘടിച്ചതോടെ ജില്ലാ മജിസ്‌ട്രേറ്റ് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

റിപ്പബ്ലിക്ക് ദിനത്തില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ ചെങ്കോട്ടയിലെത്തി പതാകയുയര്‍ത്തിയര്‍ത്തിയിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ പ്രവേശിച്ച കര്‍ഷകര്‍ക്കിടയില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകരുമായി ബന്ധമുള്ള നടന്‍ ദീപ് സിദ്ദുവിന്റെ സംഘത്തിലുള്‍പ്പെട്ടയാള്‍ ചെങ്കോട്ടയില്‍ കയറി നിഷാന്‍ സാഹിബിന്റെ പതാക ഉയര്‍ത്തിയത്. ഇത് ഖലിസ്ഥാന്‍ പതാകയെന്ന തരത്തില്‍ വലിയ രീതിയിലുള്ള പ്രചരണങ്ങളായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നത്. എന്നാല്‍ പിന്നീട് അത് ഖലിസ്ഥാന്‍ പതാകയല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kapil Sibal says Conspiracy to derail farmers’ protests

We use cookies to give you the best possible experience. Learn more