ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കേണ്ട സര്‍ക്കാര്‍ അതിന് നേര്‍ വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു.
2019ല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. നേതാക്കളുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു സിബലിന്റെ പ്രതികരണം.
‘രാജ്യത്തിന്റെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ അതിന് നേര്‍ വിപരീതമാണ് ചെയ്ത് കൂട്ടുന്നത്.
ചോര്‍ത്തിയ വിവരങ്ങള്‍ മറ്റ് രാജ്യങ്ങളുടെ കൈകളിലെത്തിയാലുള്ള അവസ്ഥയെന്താകും? രാജ്യ സുരക്ഷയെ തന്നെ അത് ബാധിക്കുകയും ചെയ്യും. ഇപ്പോള്‍ കുറച്ച് പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം മാത്രമെ വന്നിട്ടുള്ളു.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. മൗലിക അവകാശങ്ങളുടെയും സ്വകാര്യത അവകാശത്തിന്റെയും കനത്ത ലംഘനത്തിന്റെ തെളിവുകളാണ് ഈ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലൂടെ വെളിവാകുന്നത്,’ കപില്‍ സിബല്‍ പറഞ്ഞു.
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. നേതാക്കളുടെ ഫോണ്‍ രേഖകള്‍ 2019ല്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വരയുടെ ഫോണ്‍ ചോര്‍ത്തിയതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവരുടെ സെക്രട്ടറിമാരുടെ ഫോണും ചോര്‍ന്നിട്ടുണ്ട്. കുമാരസ്വാമിയുടെ സുരക്ഷ ഉദ്യോഗസ്ഥന്റെ ഫോണും ചോര്‍ത്തപ്പെട്ടതായി രേഖകള്‍ പറയുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമിയുടെ സെക്രട്ടറി സതീഷിന്റെ നമ്പറാണ് ലീക്ക് ചെയ്യപ്പെട്ടത്.
കര്‍ണാടകയില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി നിലനിന്നിരുന്ന കാലത്താണ് ഉപമുഖ്യമന്ത്രിയുടേതടക്കമുള്ള ഫോണ്‍ രേഖകള്‍ ചോര്‍ത്തിയതായുള്ള രേഖകള്‍ പുറത്ത് വരുന്നത്.
2019ലെ പ്രതിസന്ധിയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി. അധികാരം പിടിച്ചെടുക്കുന്നത്.
കോണ്‍ഗ്രസ്-ജെ.ഡി.എസ്. സര്‍ക്കാരിനെ താഴെയിറക്കിയതില്‍ ഫോണ്‍ ചോര്‍ത്തലിന് പങ്കുണ്ടാവാം. എന്നാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇത് തെളിയിക്കാന്‍ സാധിക്കൂ എന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ രേഖകളും ചോര്‍ന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 2018ലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ രേഖകള്‍ ചോര്‍ന്നത്. ഇതിനും കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Kapil Sibal Response On Pegasus Controversy