| Monday, 13th June 2022, 2:48 pm

'നിയമം ഉറങ്ങുമ്പോൾ ബുൾഡോസർ സമ്പ്രദായം തഴച്ചുവളരുന്നു': കപിൽ സിബൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രയാഗ്‌രാജിൽ നടക്കുന്ന ബുൾഡോസർ ആക്രമണത്തിൽ പ്രതികരണവുമായി രാജ്യസഭ എം.പി കപിൽ സിബൽ. നിയമം ഉറങ്ങുന്ന സമയത്ത് രാജ്യത്തെ ബുൾഡോസർ സമ്പ്രദായം തഴച്ചുവളരുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി പ്രവർത്തകർക്കെതിരെ നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് മുൻകൈയ്യെടുത്തെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക രാഷ്ട്രീയ നേതാവായ ജാവേദ് അഹ്മദിന്റെ വീട് യോഗി സർക്കാരിന്റെ കീഴിലുള്ള ബുൾഡോസറുകൾ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി

കരണവുമായി കപിൽ സിബലെത്തിയത്.

‘പ്രയാഗ്‌രാജ്: നിയമങ്ങൾ ഉറങ്ങുമ്പോൾ ബുൾഡോസർ സമ്പ്രദായം തഴച്ചുവളരുകയാണ്. രാജ്യം മാറുകയാണ്,’ എന്നാണ് കപിൽ സിബൽ കുറിച്ചത്.

അനധികൃതമായാണ് വീട് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് അടങ്ങിയ സംഘം ജവേദിന്റെ വീട് തകർത്തത്. പ്രവാചക നിന്ദ നടത്തിയതിനെതിരെ പ്രതിഷേധിച്ച മറ്റ് രണ്ട് പേരുടേയും വീടുകൾ ഇത്തരത്തിൽ തകർക്കപ്പെട്ടിരുന്നു.

മൂന്ന് നഗരങ്ങളിലായി രണ്ടുദിവസം കൊണ്ട് നാലു വീടുകളാണ് ഇത്തരത്തിൽ പൊളിച്ചുനീക്കിയത്. പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താക്കൾക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ തെരഞ്ഞുപിടിച്ചാണ് തകർക്കുന്നത്.

പ്രവാചക നിന്ദക്കെതിരെ വെള്ളിയാഴ്ച ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് യു.പിയിൽ മാത്രം 300ലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജാവേദ് മുഹമ്മദിന്റെ മകളും സാമൂഹിക പ്രവർത്തകയുമായ അഫ്രീൻ ഫാത്തിമയുടെ പ്രയാഗ് രാജിലെ കരേലിയിലുള്ള വീടാണ് ഞായറാഴ്ച പ്രയാഗ് രാജ് വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചത്. വീടു നിർമിച്ചത് തങ്ങളുടെ അനുമതി കൂടാതെയാണെന്നായിരുന്നു അതോറിറ്റിയുടെ വാദം.

വീടിന് മുന്നിലെയും പിന്നിലെയും ഗേറ്റ് പൊളിച്ച് അകത്തു കടന്ന ഉദ്യോഗസ്ഥർ വീട്ടിനുള്ളിലെ വസ്തുവകകൾ സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് തള്ളുകയായിരുന്നു. പിന്നാലെ വീടും മതിലും പൊളിച്ചുനീക്കി. നടപടിക്കിടെ അഫ്രീൻ ഫാത്തിമയെയും മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

Content Highlight: kapil sibal reacts to prayagraj bulldozer attack

We use cookies to give you the best possible experience. Learn more