| Saturday, 8th April 2023, 4:17 pm

'എന്നിട്ടും അമിത് ഷാ ജി പറയുകയാണ് ജനാധിപത്യം അപകടത്തിലല്ലെന്ന്'; ഐ.ടി ചട്ട ഭേദഗതിയില്‍ പ്രതികരിച്ച് സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.ടി നിയമത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഐ.ടി വകുപ്പ് മുന്‍ മന്ത്രിയും രാജ്യസഭ എം.പിയുമായ കപില്‍ സിബല്‍. എന്ത് വിവരങ്ങളാണ് വ്യാജമെന്ന് ഗവണ്‍മെന്റ് തീരുമാനിക്കുന്ന അവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് ജനാധിപത്യം അപകടത്തിലല്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നതെന്ന് കപില്‍ സിബല്‍ പരിഹസിച്ചു.

കഴിഞ്ഞ ദിവസമാണ് നിയമത്തില്‍ ഭേദഗതി വരുത്തി ഐ.ടി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന വസ്തുതാ പരിശോധന സമിതിക്ക് വാര്‍ത്തകള്‍ പരിശോധിക്കാനും വ്യാജവാര്‍ത്തയാണോ അല്ലയോ എന്ന് നിര്‍ണയിക്കാനും അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.

വസ്തുതാ പരിശോധന സമിതി കണ്ടെത്തുന്ന വ്യാജമോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ വിവരങ്ങള്‍ നീക്കം ചെയ്യുന്നില്ല എങ്കില്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് സേഫ്ഹാര്‍ബറിന് കീഴില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സംരക്ഷണം നഷ്ടമാകുമെന്ന് ഐ.ടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സിബലിന്റെ പ്രതികരണം.

‘വാര്‍ത്തകളില്‍ എന്താണ് വ്യാജമെന്നും അല്ലെന്നുമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കുന്നത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ നിയമനടപടി ക്രമങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭ്യമാകുന്ന സംരക്ഷണം ഒഴിവാകും,’ സിബല്‍ പറഞ്ഞു.

‘ഇപ്പോള്‍ ഗവണ്‍മെന്റാണ് എന്താണ് വ്യാജമെന്നും അല്ലാത്തതെന്നും തീരുമാനിക്കുന്നത്. എന്നിട്ടും അമിത് ഷാ ജി പറയുകയാണ് ജനാധിപത്യം അപകടത്തിലല്ലെന്ന്,’ സിബല്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കം മാധ്യമ സെന്‍സര്‍ഷിപ്പിന് സമാനണെന്ന് വ്യക്തമാക്കി മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും
പ്രതിഷേധിച്ചിരുന്നു. വ്യാജ വാര്‍ത്തകളെ നിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ മാത്രം കേന്ദ്രീകരിക്കുന്ന നടപടി സെന്‍സര്‍ഷിപ്പിന് സമാനമാണെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കിയത്.

വിഷയത്തില്‍ പ്രതിഷേധവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ രംഗത്തെത്തിയിരുന്നു. ഐ.ടി ചട്ടങ്ങള്‍ 2021ലെ ഭേദഗതികളെ ശക്തമായി എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ സി.പി.ഐ.എം, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് നല്‍കുന്ന അധികാരങ്ങള്‍ സമൂഹ മാധ്യമങ്ങളെയും അതിന്റെ ഉപയോക്താക്കളെയും സെന്‍സറിങ്ങിന് വിധേയമാക്കുന്നതിന് തുല്യമാണെന്നും ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും അസ്വീകാര്യമാണെന്നുമാണ് പറഞ്ഞത്.

Content Highlights: Kapil sibal reacts on IT amendment act

We use cookies to give you the best possible experience. Learn more