national news
ഇപ്പോഴും കുറ്റം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി പണിയെടുക്കുന്ന ഞങ്ങള്‍ വയസന്മാര്‍ക്ക് തന്നെ; സുഷ്മിത ദേവിന്റെ രാജിയില്‍ കോണ്‍ഗ്രസിനെതിരെ കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 16, 12:14 pm
Monday, 16th August 2021, 5:44 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പാര്‍ട്ടിയുടെ പ്രധാന നേതൃസ്ഥാനത്ത് നിന്നും സുഷ്മിത ദേവ് രാജിവെച്ചിരിക്കുകയാണ്. യുവനേതാക്കളൊക്കെ ഇങ്ങനെ പുറത്തേക്ക് പോകുമ്പോഴും, കുറ്റപ്പെടുത്തല്‍ മുഴുവന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രയത്‌നിക്കുന്ന ഞങ്ങള്‍ ‘വയസന്മാര്‍ക്ക്’ നേരെയാണ്. കണ്ണുകള്‍ മുറുക്കിയടച്ചങ്ങനെ മുന്നോട്ടുപോവുകയാണ് ഈ പാര്‍ട്ടി,’ കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകള്‍ കൂടിയായ സുഷ്മിത ദേവിന്റെ മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷസ്ഥാനത്ത് നിന്നുള്ള രാജി വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പൊതുപ്രവര്‍ത്തനത്തിലെ പുതിയ അധ്യായത്തിന്റെ ആരംഭം എന്ന് തന്റെ തീരുമാനത്തെ വിശേഷിപ്പിച്ച സുഷ്മിത, സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ പക്ഷെ കാരണം വ്യക്തമാക്കിയിരുന്നില്ല.

അസം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് ഒടുവില്‍ രാജിയില്‍ കലാശിച്ചത്. എ.ഐ.യു.ഡി.എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സുഷ്മിതക്ക് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

നേതൃത്വവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകലം പാലിച്ച സുഷ്മിതയെ അനുനയിപ്പിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ ശ്രമവും പരാജയപ്പെടുകയായിരുന്നു.

വിഷയത്തിന്മേല്‍ കപില്‍ സിബലിന്റെ പ്രതികരണം കൂടി വന്നതോടെ കോണ്‍ഗ്രസിലെ നേതൃ ദാരിദ്ര്യത്തിന്മേലുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ കപില്‍ സിബലും ഉള്‍പ്പെട്ടിരുന്നു.

ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത സുഷ്മിത ദേവിനെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ട്വീറ്റ് പുറത്തുവിട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും രാജ്യസഭ എം.പി ഡെറെക് ഒബ്രിയാന്റെയും സാന്നിധ്യത്തിലായിരുന്നു സുഷ്മിത ദേവ് തൃണമൂലില്‍ അംഗത്വമെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Kapil sibal on Sushmitha Dev Resign Trinamool Congress